25 October, 2024 08:03:05 PM
മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികള്‍ക്ക് 10 വർഷം കഠിന തടവും പിഴയും
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോട്ടയം വിജിലൻസ് യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. സംഭവത്തില്‍ മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി പി കെ സോമൻ, മുൻ യു ഡി ക്ലർക് പി കെ റഷീദ് എന്നിവരാണ് പ്രതികള്‍. ഇവര്‍ക്ക് കോട്ടയം വിജിലൻസ് കോടതി 10 വർഷം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് ഹാജരായി.
മുണ്ടക്കയം സംസ്ഥാന ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തൊഴിലാളികൾക്ക് ഭക്ഷണമുണ്ടാക്കുന്നതിന് അന്ന് സര്‍ക്കാരില്‍ നിന്ന് അരി അനുവദിച്ചിരുന്നു. ഈ അരി മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് നല്‍കിയത്. സെക്രട്ടറി അരി റേഷൻ കടയിലോ വെയര്‍ ഹൗസിലോ സൂക്ഷിച്ചിട്ട് അത് തൊഴിലാളികൾക്ക് വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാല്‍ റേഷൻകട സമരവും അരി സൂക്ഷിക്കാൻ സ്ഥലമില്ലെന്നും പറഞ്ഞു സെക്രട്ടറി കളക്ടർക്ക് വ്യാജ റിപ്പോർട്ട് കൊടുക്കുകയാണുണ്ടായത്. ഇതിലൂടെ സൗകര്യപ്രദമായ മറ്റൊരിടത്ത് അരി സംഭരിക്കാനുളള ഓർഡർ മേടിക്കുകയും സ്വകാര്യ മില്ലുടമയുടെ മില്ലിൽ സൂക്ഷിക്കുകയും ചെയ്തു. അതിനു ശേഷം നൂറു ടൺ അരി സെക്രട്ടറി അരി മൊത്ത കച്ചവടക്കാരനും താറാവ് കര്‍ഷരകനും മറിച്ചു വിറ്റു എന്നതാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി കെ.എ രമേശന്‍, ബേബി എബ്രഹാം, പി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ .