25 October, 2024 07:05:18 PM
കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിന് പുതിയ കെട്ടിടം; നിർമാണോദ്ഘാടനം നാളെ
കോട്ടയം: കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടടസമുച്ചത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നാളെ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയാകും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റ്റി. സോമൻകുട്ടി, കാലാവസ്ഥ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, സി.ഡബ്ല്യു.ആർ.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് പി. സാമുവൽ, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം ദീപാ ജീസസ്, ഗ്രാമപഞ്ചായത്തംഗം സാറാമ്മ തോമസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, ജി. ലിജിൻ ലാൽ, മിഥുൻ തോമസ്, ബാബു മണിമലപറമ്പിൽ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു എന്നിവർ പങ്കെടുക്കും.
വടവാതൂരിൽ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന് (സി.ഡബ്‌ള്യൂ.ആർ.ഡി.എം.) സർക്കാർ അനുവദിച്ചു നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ഒന്നാംഘട്ട പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ടു ബേസ്‌മെന്റ് നിലകൾ ഉൾപ്പടെ നാലുനില ബഹുനില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2915 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ടു ബ്ലോക്കുകളുന്ന കെട്ടിടം ഭിന്നശേഷി സൗഹൃദമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സി.ഡബ്‌ള്യൂ.ആർ.ഡി.എം. സ്വീകരണമുറി, വിശ്രമകേന്ദ്രം, സ്ഥാപനമേധാവിയുടെ മുറി, റെക്കോഡ്‌സ് റൂം, അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷൻ, ടെക്‌നിക്കൽ സ്റ്റാഫ് റൂം, സെർവർ റൂം, റിസർച്ച് സ്റ്റുഡന്റ്‌സ് റൂം, സയന്റിസ്റ്റ് റൂം, ക്യാന്റീൻ, അനുബന്ധ മുറികൾ, കാർ പാർക്കിങ്, ജനറൽ സ്റ്റോർ, ഡ്രൈവർ റൂം, സെക്യൂരിറ്റി റൂം, 168 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, ലിഫ്റ്റ്, ശുചിമുറി സൗകര്യങ്ങൾ, അഗ്നിസുരക്ഷാസംവിധാനങ്ങൾ തുടങ്ങിയവ കെട്ടടസമുച്ചയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.