22 October, 2024 07:14:58 PM
നാട്ടകം ഗവ. കോളജ് ഭിന്നശേഷി സൗഹൃദത്തിന്റെ കാര്യത്തിൽ മാതൃക- മന്ത്രി ആർ. ബിന്ദു
കോട്ടയം: ഭിന്നശേഷി സൗഹൃദത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന കലാലയമാണ് നാട്ടകം ഗവ. കോളജ് എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. നാട്ടകം ഗവ. കോളജിൽ സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപ ചെലവഴിച്ചു നിർമിച്ച വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വേദിയിൽ സന്നിഹിതനായിരുന്ന നാട്ടകം കോളജ് വിദ്യാർഥി യൂണിയന്റെ ഭിന്നശേഷിക്കാരനായ ചെയർമാൻ കാർത്തിക്കിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ.
40 കോടി രൂപയാണ് കഴിഞ്ഞവർഷങ്ങളിൽ നാട്ടകം കോളജിന്റെ വികസനത്തിനുവേണ്ടി ചെലവഴിച്ചത്. റൂസ ആദ്യഘട്ടത്തിന്റെ ഭാഗമായി രണ്ടുകോടി രൂപ, അക്കാദമിക് ബ്‌ളോക്ക് നിർമിക്കുന്നതിനായി പ്ലാൻ ഫണ്ടിൽ നിന്ന് 8.22 കോടി രൂപ, വനിത ഹോസ്റ്റൽ നിർമാണത്തിന് അഞ്ചുകോടി രൂപ, പുതിയ അക്കാദമിക് ബ്‌ളോക്ക് നിർമാണത്തിന് രണ്ടുകോടി രൂപ എന്നിങ്ങനെ അനുവദിച്ചു. ഭിന്നശേഷി സൗഹൃദ കാമ്പസ് പദ്ധതിക്കായി പ്രത്യേക ഫണ്ടും അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും ആധുനിക മുഖച്ഛായയോടു കൂടിയ അക്കാദമിക് സമുച്ചയങ്ങളും അ്ഡമിനിസ്‌ട്രേറ്റീവ് മന്ദിരങ്ങളും ആധുനിക ലൈബ്രറികളും സ്‌റ്റേറ്റ് ഓഫ് ദ ആർട് സൗകര്യങ്ങളുള്ള ലാബ് സമുച്ചയങ്ങളും സർവകലാശാലകളിലും കലാലയങ്ങളിലും നിർമിക്കാൻ സർക്കാരിനായി. ഇതിന് സമാന്തരമായി അക്കാമിക തലത്തിൽ സമഗ്രവും സമൂലവുമായ പരിഷ്‌കരണം ലക്ഷ്യം വച്ചാണ് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർവതലസ്പർശിയായ കാഴ്ചപ്പാടോടു കൂടി കരിക്കുലം ഫ്രെയിംവർക്ക് നടപ്പാക്കാൻ സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. സെനോ ജോസ്, കോട്ടയം നഗരസഭാംഗം ദീപാ മോൾ, കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ്, വൈസ് പ്രിൻസിപ്പൽ എം.എസ്. സോമരാജൻ, വിദ്യാർഥി യൂണിയൻ ചെയർമാൻ കാർത്തിക് എന്നിവർ പ്രസംഗിച്ചു.