15 October, 2024 05:52:27 PM
കോട്ടയം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാർക്ക് ആശ്വാസവീടുകൾ ഒരുങ്ങുന്നു, ശിലാസ്ഥാപനം വ്യാഴാഴ്ച
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ആശ്വാസ് വാടക വീടുകൾ വരുന്നു. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപന കർമം ഒക്‌ടോബർ 17(വ്യാഴം) വൈകിട്ട് അഞ്ചുമണിക്ക് റവന്യൂ -ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും.
മെഡിക്കൽ കോളജ് നഴ്‌സിങ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. നാലാമത്തെ ആശ്വാസ് വാടകവീട് പദ്ധതിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കുന്നത്. ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി ആകും. സംസ്ഥാന ഭവന നിർമാണ ബോർഡ് സെക്രട്ടറിയും ഹൗസിങ് കമ്മിഷണറുമായ ഷീബ ജോർജ് റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഭവനനിർമാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്‌ളോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ആശുപത്രി വികസനസമിതി പ്രസിഡന്റ് സി.ജെ. ജോസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ, ഗവ. നഴ്‌സിങ് കോളജ് പ്രിൻസിപ്പൽ എ.ടി. സുലേഖ, ഭവനനിർമാണ ബോർഡ് ചീഫ് എൻജിനീയർ ബി. ഹരികൃഷ്ണൻ, ബോർഡ് അംഗം സുഭാഷ് പുഞ്ചക്കോട്ടിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, വി.ബി. ബിനു, നാട്ടകം സുരേഷ്, ലോപ്പസ് മാത്യൂ, ടി.വി. ബേബി, സണ്ണി തോമസ്, ലിജിൻ ലാൽ, അഡ്വ. ജയ്‌സൺ ജോസഫ് ഒഴുകയിൽ, അസീസ് ബഡായിൽ എന്നിവർ പ്രസംഗിക്കും.