14 October, 2024 11:32:18 AM


മുന്‍ ഭാര്യ വൈരാഗ്യം തീര്‍ക്കുന്നു; സിസ്റ്റത്തെയും നിയമത്തെയും ദുരുപയോഗം ചെയ്യുന്നുവെന്ന് ബാലയുടെ അഭിഭാഷക



കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ ഗായികയായ മുന്‍ഭാര്യ മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അഭിഭാഷക. ഇവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്ന് ഒന്നും പറയാത്ത പരാതിയുമായിട്ടാണ് ഇപ്പോള്‍ അവര്‍ രംഗത്തുവന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും സിസ്റ്റത്തെയും മുന്‍ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് ആരോപിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ ഭാര്യയായ ഗായികയും മകളും നല്‍കിയ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. ഇത് നിലനില്‍ക്കുന്ന കേസല്ല എന്നാണ് തന്റെ പരിമിതമായ നിയമപരിജ്ഞാനം അനുസരിച്ച് മനസിലാകുന്നത്. കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷക പറഞ്ഞു.

കുട്ടിയെ കാണാനുള്ള അമിതമായ സ്‌നേഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് പരാതിയെ കുറിച്ച് ബാല അറിയുന്നത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട്. അദ്ദേഹം വളരെയധികം തളര്‍ന്നിരിക്കുകയാണ്. മരുന്നിന്റെ മുകളിലാണ് അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇദ്ദേഹത്തിന്റെ കൈയില്‍ അവര്‍ക്കെതിരെ നിരവധി തെളിവുകള്‍ കൈയിലുണ്ട്. ഇത്തരത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്ന ആളല്ല അദ്ദേഹം. കുട്ടിയോട് വലിയ സ്‌നേഹമാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലുള്ള എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. കുട്ടിയെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്.പക്ഷേ കുട്ടിക്ക് കാണാന്‍ താത്പര്യമില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അമ്മയാണ് കുട്ടിയുടെ പെര്‍മനന്റ് കസ്റ്റോഡിയന്‍. ഈ സാഹചര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് എങ്ങനെയാണ് നിലനില്‍ക്കുക എന്ന് അറിയില്ല. അമ്മയാണ് പെര്‍മനന്റ് കസ്‌റ്റോഡിയന്‍ അപ്പോള്‍ അമ്മയല്ലേ ക്രൂരത കാണിക്കേണ്ടതെന്നും അഭിഭാഷക ചോദിച്ചു.

സാഹചര്യങ്ങള്‍ ഒന്ന് നോക്കൂ. ഇവര്‍ എല്ലാ നിയമകാര്യങ്ങളും അറിയുന്ന സ്ത്രീയാണ്. വക്കീലന്മാരുടെ പിന്തുണയുള്ള സ്ത്രീയാണ്. അപ്പോള്‍ അവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്ന് ഒന്നും പറയാത്ത പരാതിയുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K