09 October, 2024 06:24:14 PM
ഏറ്റുമാനൂർ, കടുത്തുരുത്തി, ചോറ്റാനിക്കര സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടാൻ തീരുമാനം
ഏറ്റുമാനൂർ: ഏറ്റുമാനൂർ, കടുത്തുരുത്തി, ചോറ്റാനിക്കര (കുരീക്കാട്) എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടുവാൻ തീരുമാനമായതായി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. ഏറ്റുമാനൂർ സ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലെ ഉയരം കുറഞ്ഞ ഭാഗങ്ങളാണ് ഉയർത്തുന്നത്. അമൃത് ഭാരത് പദ്ധതി പ്രകാരം നടന്നു വരുന്ന പദ്ധതിയിൽ ഉൾപ്പെടാത്ത ഭാഗങ്ങൾ ഉയർത്തുവാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നതെന്ന് എം.പി പറഞ്ഞു.
കടുത്തുരുത്തി സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകൾ ഉയരം കുറഞ്ഞ അവസ്ഥയിലായിട്ട് അനേക വർഷങ്ങൾ ആയിരുന്നു. ഉയരം കൂട്ടണമെന്നുള്ള ആവശ്യം ഉന്നയിച്ചു കൊണ്ട് മോൻസ് ജോസഫ് എംഎൽഎ കേന്ദ്ര റയിൽവേ മന്ത്രി അടക്കമുള്ള റയിൽവേ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. പ്ലാറ്റ്ഫോം താഴ്ന്ന് കിടക്കുന്നതുമൂലം യാത്രക്കാർക്ക് ട്രയിനിൽ കയറുവാനും ഇറങ്ങുവാനും വളരെ പ്രയാസമായിരുന്നു. പ്ലാറ്റ്ഫോമിൻ്റെ ഉയരം കൂട്ടുന്നതിനോടൊപ്പം മഴയും വെയിലും ഏല്ക്കാതെ യാത്രക്കാർക്ക് നിൽക്കുവാനുള്ള ഷെൽട്ടർ നിർമ്മിക്കുന്ന കാര്യം റയിൽവേ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കുരീക്കാട് എന്നറിയപ്പെട്ടിരുന്ന ചോറ്റാനിക്കര റോഡ് റയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരമാണ് കൂട്ടുന്നത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് അനൂപ് ജേക്കബ് എം.എൽ എ റയിൽവേ മന്ത്രാലത്തിൽ നിവേദനം നൽകിയിരുന്നു. പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ അടക്കം അനേകം ആളുകൾ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഉയരം കൂട്ടുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയും.
മൂന്ന് സ്റ്റേഷനിലെയും പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടുന്നതിനായി മൂന്ന് കോടി എൺപത്തിയാറ് ലക്ഷം രൂപയാണ് അവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഡിസംബറിന് മുമ്പായി നിർമ്മാണം ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.അനേക വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾ നിരന്തരമായി ഈ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 2 വർഷമാണ് നിർമ്മാണ കാലാവധിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ടെൻടർ ചെയ്ത കുമാരനല്ലൂർ, മുളന്തുരുത്തി, കാഞ്ഞിരമറ്റം എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ഉയരം കൂട്ടുവാനുള്ള പ്രവൃത്തികളുടെ നടപടികൾ പൂർത്തിയായി വരുന്നതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.
അനുവാദം ലഭിച്ചതും ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നതുമായ ഈ 6 സ്റ്റേഷനുകളുടെയും പ്രവൃത്തി എത്രയും വേഗംപൂർത്തിയാക്കുവാൻ ശ്രമിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഇത് പൂർത്തിയാകുന്നതോടെ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ റയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന വികസന രംഗത്ത് വലിയ നേട്ടമായി രിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റയിൽവേ വികസനവും ആയി ബന്ധപ്പെട്ട് റയിൽവേ സ്റ്റേഷനുകളിൽ നടത്തിയ ജനസദസ്സിലെ മുഖ്യആവശ്യത്തിനാണ് ഇപ്പോൾ പരിഹാരം ആയിരിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.