28 September, 2024 07:27:28 PM


സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നു- അഡ്വ. ഇന്ദിരാ രവീന്ദ്രൻ



കോട്ടയം: സമൂഹത്തിൽ അരങ്ങേറുന്ന സ്ത്രീധന പീഡനങ്ങളിൽ ചെറിയ പങ്കേ നിയമത്തിന്റെ മുന്നിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂവെന്ന് കേരള വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. ഇത് എന്തുകൊണ്ടെന്ന് സമൂഹം പരിശോധിക്കേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമ്മിഷൻ പാലാ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് വനിതാ കമ്മീഷനംഗം പറഞ്ഞു.

സ്ത്രീധനം, ഗാർഹിക പീഡനം എന്നിവ തടയുന്നതിനു ശക്തമായ നിയമങ്ങൾ രാജ്യത്തുണ്ട്. നിയമത്തിന്റെ അപര്യാപ്തതയല്ല സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ അകറ്റി നിർത്താനാവാത്തതിനു കാരണം.
വനിതാ കമ്മീഷൻ കേരളത്തിൽ ആദ്യമായി രൂപീകരിച്ച 1996 മുതൽ സ്ത്രീധന വിരുദ്ധ സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. അതിന്റെയൊക്കെ ഫലമായി ഇപ്പോൾ കൂടുതൽ പേർ മുന്നോട്ടുവരുന്നുണ്ട്. വനിതാ കമ്മീഷൻ അദാലത്തുകളിൽ പരാതി പറയാനെങ്കിലും കൂടുതൽ സ്ത്രീകൾ ധൈര്യപ്പെടുന്നുണ്ട്. ഇത്തരം സെമിനാറുകളും ശിൽപശാലകളും തുടർന്നും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നത്.

സ്ത്രീധനം നൽകാതെ കുട്ടികളെ വിവാഹം കഴിപ്പിക്കാൻ പല അമ്മമാരും മാനസികമായി ഇനിയും തയാറായിട്ടില്ലെന്ന് കാണുന്നുണ്ട്. അതേസമയം ചെറുപ്പക്കാരായ പെൺകുട്ടികൾ സ്ത്രീധനത്തിന് അധിക പ്രാധാന്യം നൽകുന്നില്ലെന്നു കാണുന്നത് ആശ്വാസകരമാണ്. സ്ത്രീധന സമ്പ്രദായം തടയുന്നത് ശക്തിപ്പെടുത്താൻ  നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന റിപ്പോർട്ട് സംസ്ഥാന വനിത കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

വിവാഹ സമയത്ത് നൽകുന്ന പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണം, പാരിതോഷികങ്ങളുടെ പട്ടിക വിവാഹ സമയത്ത് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് മുമ്പാകെ സമർപ്പിക്കണം, എല്ലാ വിഭാഗങ്ങളും രജിസ്റ്റർ ചെയ്യപ്പെടണം, വിവാഹപൂർവ കൗൺസിലിംഗിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ഈ ഭേദഗതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു.

പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സെമിനാറിൽ പാലാ നഗരസഭാധ്യക്ഷൻ ഷാജു വി തുരുത്തൻ അധ്യക്ഷനായിരുന്നു. വനിതാ കമ്മീഷൻ ലോ ഓഫീസർ കെ. ചന്ദ്രശോഭ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീകല അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സ്ത്രീധനനിരോധന നിയമത്തെക്കുറിച്ച്  കൊട്ടാരക്കര കോടതിയിലെ അഡ്വ. ശ്രീജിത്തും തദ്ദേശഭരണ സ്ഥാപന തലത്തിലുള്ള സ്ത്രീ സംരക്ഷണ പ്രവർത്തങ്ങളെക്കുറിച്ച് കില റിസോഴ്‌സ് പേഴ്‌സൺ കെ.എൻ. ഷീബയും ക്ലാസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K