23 September, 2024 07:22:19 PM


കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടി തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

 


കോട്ടയം: കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് ഭാഗത്ത്‌ വയലിൽ പുത്തെൻവീട്ടിൽ ശ്യാം കുമാർ.എസ് (37) എന്നയാളെയാണ് കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോട്ടയം മുനിസിപ്പാലിറ്റി ജീവനക്കാരനായ യുവാവ് വ്യാജ പെൻഷൻ അക്കൗണ്ട് നിര്‍മ്മിച്ച് രണ്ടരക്കോടിയോളം (2,39,57,040) രൂപ മുനിസിപ്പാലിറ്റിയെ കബളിപ്പിച്ച്  തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവ് ഒളിവിൽ പോവുകയും ചെയ്തിരുന്നു.


പരാതിയെ തുടർന്ന്  കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരവേയാണ് മുഖ്യപ്രതിയുടെ ബന്ധുകൂടിയായ ശ്യാംകുമാറിനെ യുവാവിന് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതിന് പോലീസ് പിടികൂടുന്നത്. ഇയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് യുവാവിന് പുതിയ സിം കാര്‍ഡ് എടുത്തു നൽകുകയും , കൂടാതെ ഇയാൾക്ക് ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതായും പോലീസ് കണ്ടെത്തുകയും, തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, എസ്.ഐ മാരായ അജയ് ഘോഷ്, ഹരിപ്രസാദ്, അനിൽകുമാർ, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ ശ്യാം, മജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K