13 September, 2024 12:53:15 PM


ഓണ വിപണി സജീവമായി; നഗരങ്ങളിലാകെ ഗതാഗത കുരുക്ക്



കോട്ടയം: ഓണ വിപണി സജീവമായതോടെ നഗര പ്രദേശങ്ങളിലെല്ലാം വൻ ഗതാഗത കുരുക്ക് അനുഭവപെട്ടു തുടങ്ങി. ചിങ്ങവനം - കോട്ടയം  റൂട്ടിൽ പള്ളം മുതൽ കോടിമത വരെ ഇന്ന് ഭയങ്കര ബ്ലോക്ക് ആണ്. ഇന്നലെ തിരക്കു കാരണം വൈകിട്ട് മണിപ്പുഴയിൽ നിന്നും കോടിമത ബൈപ്പാസ് - ഈരയിൽകടവ് വഴി - മനോരമ ജംഗ്ഷനിലേക്ക് പ്രൈവറ്റ് ബസുകൾ തിരിച്ചുവിട്ടതോടെ ബൈപ്പാസിലും വാഹനങ്ങൾ അനങ്ങാത്ത സ്ഥിതിയിലായി. ഇന്നും വാഹനങ്ങൾ മണിപ്പുഴ റെയിൽവേ മേൽപാലം വഴി തിരിച്ചു വിടുകയാണ്. 

ഇന്നലെ ഉച്ചക്ക് ശേഷം ഏറ്റുമാനൂർ പട്ടണത്തിലും വൻ ഗതാഗത കുരുക്കാണ് അനുഭവപെട്ടത്. ബൈപാസിലുടെയും നീണ്ടൂർ, അതിരമ്പുഴ റോഡുകളിലൂടെയും വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. ടൗണിലൂടെ വാഹനങ്ങൾക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. വാഹനങ്ങൾ നിയന്ത്രിക്കാൻ പലയിടത്തും മതിയായ പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നില്ല.

വ്യാപാര സ്ഥാപനങ്ങളിൽ പതിവിലും കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണം ഉണ്ണാൻ മുൻ വർഷത്തേക്കാൾ തയ്യാറെടുപ്പുകളോടെയാണ് ജനം. വൻ ഓഫറുകൾ ഇടുന്ന വ്യാപാര സ്ഥാപനങ്ങളിലും പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളിലുമാണ് ജനങ്ങളുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ട് കാണുന്നത്. എന്നാൽ ഇപ്രാവശ്യത്തെ ഓണം തങ്ങൾക്ക് ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പറഞ്ഞു വിഷമിച്ചിരിക്കുന്ന പ്രമുഖ വ്യാപാരികളെയും കാണാനുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K