12 September, 2024 06:52:06 PM


ഓണസമ്മാനമായി ഭൂഗർഭപാതയും നീണ്ടൂർ കുറുപ്പന്തറ റോഡും



കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനു മുമ്പിൽ ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് നിർമിക്കുന്ന ഭൂഗർഭ പാതയുടെ നിർമാണം പൂർത്തിയായതായും ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 129.80 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്.  പ്രവൃത്തിയുടെ പരിപാലന കാലാവധി അഞ്ചു വർഷമാണ്. 18 മീറ്റർ നീളത്തിലും അഞ്ചു മീറ്റർ വീതിയിലും 3.5 മീറ്റർ ഉയരത്തിലുമാണ് നിർമാണം. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നവർക്ക് തിരക്കേറിയ റോഡ് കുറുകെ കടക്കാതെ ഭൂഗർഭ പാതയിയിലൂടെ മെഡിക്കൽ കോളജിലേക്ക് എത്താം.

നീണ്ടൂർ-കുറുപ്പുന്തറ റോഡിന്റെ നീണ്ടൂർ പ്ലാസാ ജങ്ഷനിൽ നിന്ന് ആരംഭിച്ച് കുറുപ്പുന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ ഭാഗത്തെ നിർമാണം പൂർത്തീകരിച്ചു. 700 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഡി.ബി.എം. ആൻഡ് ബിസി നിലവാരത്തിലാണ് ടാറിങ് പൂർത്തീകരിച്ചത്. താഴ്ന്നു കിടന്നതും വെള്ളക്കെട്ട് മൂലം പൂർണമായി തകർന്നു കിടന്നതുമായ ആറു സ്ഥലങ്ങളിൽ റോഡ് ഉയർത്തിയതിനു ശേഷമാണ് ടാറിങ് നടത്തിയിട്ടുള്ളത്. മാഞ്ഞൂർ പാടശേഖരം വരുന്ന ഭാഗത്ത് 170 മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും സംരക്ഷണഭിത്തി നിർമിച്ച് രണ്ടു മീറ്റർ റോഡ് ഉയർത്തിയാണ് ടാറിങ് നടത്തിയത്. പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പൈപ്പ് കൾവർട്ട് സ്ഥാപിച്ചിട്ടുണ്ട്. ദിശാ-സുരക്ഷാ സൂചകങ്ങളടക്കം സ്ഥാപിച്ച് റോഡ് സുരക്ഷാ പ്രവർത്തികളും പൂർത്തീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K