12 September, 2024 06:43:18 PM
നവീകരിച്ച അഴകാത്തുപടി കൈത്തറി നെയ്ത്തുശാല ഉദ്ഘാടനം ചെയ്തു
കോട്ടയം: ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച അഴകാത്തുപടി കൈത്തറി നെയ്ത്തുശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. അഞ്ചു പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്ന നെയ്ത്തുശാലയുടെ മേൽക്കൂര തകർന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശോച്യാവസ്ഥയിലായിരുന്നു. എട്ടു സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. മേൽക്കൂര തകർന്നതിനാൽ കൈത്തറികൾക്കും യന്ത്രങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു. ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചാണ് നെയ്ത്തുശാല നവീകരിച്ചത്. നെയ്ത്തുശാലയുടെ ഭിത്തികൾ ബലപ്പെടുത്തുകയും മേൽക്കൂര നവീകരിക്കുകയും ശൗചാലയം നിർമിക്കുകയും ചെയ്തു.
കൈത്തറി യൂനിറ്റ് പ്രവർത്തനക്ഷമമാകുന്ന തോടെ കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ സംരംഭം എന്ന രീതിയിൽ നെയ്ക്കു പഠിക്കാൻ സാഹചര്യമുണ്ടാകും. കൈത്തറി സംഘം ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് അധ്യക്ഷത വഹിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എ. ബിൻസൺ എന്നിവർ പ്രസംഗിച്ചു.