30 August, 2024 07:51:18 PM
പോക്സോ കേസിൽ കാപ്പ പ്രതി അറസ്റ്റിൽ
കറുകച്ചാൽ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് കൊടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ (26) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താൻ പണം കടം നൽകിയത് കങ്ങഴ സ്വദേശിയായ യുവാവ് തിരികെ തരാത്തതിലുള്ള വിരോധം മൂലം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവിനെതിരെ കറുകച്ചാൽ സ്റ്റേഷനിൽ വ്യാജ ലൈംഗികപീഡന പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ അബിൻ പറഞ്ഞത് പ്രകാരമാണ് ഇത്തരത്തിൽ കുട്ടി കങ്ങഴ സ്വദേശിയായ യുവാവിനെതിരെ വ്യാജ പരാതി നൽകിയെന്ന് പോലീസ് കണ്ടെത്തുകയും തുടർന്ന് അബിനെതിരെ പോക്സോ കേസ് ചുമത്തുകയുമായിരുന്നു.സംഭവമറിഞ്ഞ് ഇയാൾ ഒളിവിൽ പോവുകയും തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വിവിധ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ് കെ.കെ, എസ്.ഐ മാരായ വിജയകുമാർ, അനിൽ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, സുരേഷ് കെ.ആർ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.