30 August, 2024 07:38:00 PM


മണർകാട് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍; സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി

 


മണർകാട് : മണർകാട് സെന്റ് മേരിസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ യുടെ നേതൃത്വത്തിൽ വിലയിരുത്തി. പെരുന്നാളിന്റെ  സുഗമമായ നടത്തിപ്പിന് പോലീസ് കൺട്രോൾ റൂം ആരംഭിക്കും. തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും , പ്രത്യേകം പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്ത്രീ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും, മോഷണം, പിടിച്ചുപറി മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി പ്രത്യേകം മഫ്ടി പോലീസിനെയും നിയോഗിക്കും. കൂടാതെ പള്ളിക്ക് അകത്തും പുറത്തുമായി നിരീക്ഷണം നടത്തുന്നതിനായി ഇവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ ഉപയോഗപ്പെടുത്തും. പെരുന്നാളിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഇതു കൂടാതെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ പ്രത്യേക പരിശോധന ഉണ്ടായിരിക്കുമെന്നും എസ്പി പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം.അനിൽകുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, മണർകാട് എസ്.എച്ച്.ഓ അനില്‍ ജോര്‍ജ് എന്നിവരും എസ്പിയുടെ സംഘത്തിൽ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K