30 August, 2024 08:56:21 AM


മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ചെന്ന് വയോധികന് ദാരുണാന്ത്യം; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി കുടുംബം



കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ചെന്ന് വയോധികന്‍ മരിച്ചു. കുറ്റിക്കാട് സ്വദേശി വിദ്യാധരനാണ് (63) മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം. ഔഷധമാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാധരന്‍ അരളി ഇല ജ്യൂസാക്കി കുടിച്ചെന്ന് കുടുംബം പറയുന്നു. ജ്യൂസ് കുടിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാധരനെ ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു.

എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ച വിദ്യാധരന് ചികിത്സ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരിക്കുകയും ചെയ്‌തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭ്യമായാല്‍ മാത്രമെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ഭാര്യ: ഗീത, മക്കൾ: അർജുൻ, ആര്യ എന്നിവര്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K