26 August, 2024 07:16:45 PM
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
പള്ളിക്കത്തോട് : യുവാവിനെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. അകലകുന്നം കടലുമ്മാക്കൽ ഭാഗത്ത് ആലേകുന്നേൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് എം.ജി (27) എന്നയാളാണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ അകലകുന്നം സ്വദേശിയായ രതീഷ് എം.റ്റി എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന സമയം തവളപ്ളാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഇയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും ചവിട്ടി ആന്തരികാവയവങ്ങൾക്ക് കേടു വരുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. ഇയാൾക്ക് രതീഷിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്.എ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകൾക്കും ശക്തമായ വാഹന പരിശോധനയ്ക്ക് നിർദ്ദേശം നൽകുകയും തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കുറവിലങ്ങാടിന് സമീപത്ത് നിന്നും പിടികൂടുന്നത്. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ മാരായ ഷാജി, ജോബി ജേക്കബ്,എ.എസ്.ഐ മാരായ ജയചന്ദ്രൻ, റെജി ജോൺ, ജയരാജ്, സി.പി.ഓ മാരായ രാജേഷ്, അനീഷ് ഐപ്പ്, ഷമീർ, രാഹുൽ, ശാന്തി, മധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.