24 August, 2024 08:53:34 PM


പഞ്ചായത്തുകൾ തമ്മിലുള്ള തർക്കത്തിനു വിരാമം; 18 വാർഡുകളില്‍ കുടിവെള്ളമെത്തും



കോട്ടയം: പാമ്പാടി, മീനടം പഞ്ചായത്തുകൾ തമ്മിൽ കാലങ്ങളായുള്ള തർക്കപരിഹാരത്തിന് വേദിയായി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് പങ്കെടുത്ത തദ്ദേശ അദാലത്ത്. മന്ത്രിയുടെ ഇടപെടലിലൂടെ 18 വാർഡുകളിലെ ഗുണഭോക്താക്കൾക്ക് കുടിവെള്ളമെത്താൻ വഴിയൊരുങ്ങി. പാമ്പാടി, മീനടം ഗ്രാമപഞ്ചായത്തുകൾ തമ്മിൽ വർഷങ്ങളായി നിലനിന്ന തർക്കമാണ് തദ്ദേശ അദാലത്തിൽ പരിഹരിക്കപ്പെട്ടത്. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി നൽകിയ പരാതിയിലാണ് മന്ത്രി എം.ബി. രാജേഷ് തീർപ്പുണ്ടാക്കിയത്. ഇതുവഴി പാമ്പാടി പഞ്ചായത്തിലെ 12 വാർഡിലെയും മീനടം പഞ്ചായത്തിലെ ആറു വാർഡിലെയും ഗുണഭോക്താക്കൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കുള്ള തടസം നീങ്ങി. മീനടം പഞ്ചായത്തിലെ എട്ടാം വാർഡിൽ 18 വാർഡുകളിലെയും ഗുണഭോക്താക്കൾക്ക് വേണ്ടി 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് നിർമിക്കും. ഇതു സംബന്ധിച്ച അനുമതി നൽകാൻ മീനടം പഞ്ചായത്തിന് മന്ത്രി നിർദ്ദേശം നൽകി. മീനടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വാട്ടർ അതോറിറ്റിയുമായി ഉടൻ കരാറിൽ ഏർപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കും. ജനങ്ങളുടെ പൊതുആവശ്യത്തിനായി കൈകോർത്ത രണ്ട് ഗ്രാമപഞ്ചായത്തുകളെയും മന്ത്രി അഭിനന്ദിച്ചു.

പാമ്പാടി പഞ്ചായത്തിലെ 12 വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി നിർമിക്കുന്ന ടാങ്ക് മീനടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്. വാട്ടർ അതോറിറ്റിയുടെ മറ്റൊരു കുടിവെള്ള പദ്ധതിയായ ടാപ്പുഴ പദ്ധതിയുടെ നിലവിലുണ്ടായിരുന്ന ടാങ്ക് പൊളിച്ചുമാറ്റിയ ശേഷമാണ് 10 ലക്ഷം ടൺ സംഭരണ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ നിർമാണത്തിന് സർക്കാർ അനുമതി വേണമെന്നാവശ്യപ്പെട്ട് മീനടം പഞ്ചായത്ത് പ്രവൃത്തി തടഞ്ഞു. ഇതേതുടർന്ന് പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുൾപ്പെടെ നിരവധി തവണ വിഷയം ഇരു പഞ്ചായത്തുകളും ചർച്ച ചെയ്തിട്ടും പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രസിഡന്റ് പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പരാതിയുമായി തദ്ദേശ അദാലത്തിനെ സമീപിച്ചത്.

പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മീനടം പഞ്ചായത്ത് സെക്രട്ടറി എന്നിവരുമായി അദാലത്ത് വേദിയിൽ മന്ത്രി എം.ബി രാജേഷും ജില്ലാ ജോയിന്റ് ഡയറക്ടറും ചർച്ച നടത്തിയാണ് വിഷയം തീർപ്പാക്കിയത്. ചർച്ചയിൽ മീനടം, പാമ്പാടി പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് കുടിവെള്ളം എത്തിക്കാനുള്ള കുടിവെള്ള ടാങ്കിന്റെ നിർമാണം മീനടത്തെ എട്ടാം വാർഡിലെ നിർദിഷ്ട സ്ഥലത്ത് നടത്താൻ രണ്ടു പഞ്ചായത്തുകളും സമ്മതിച്ചു. ഈ പദ്ധതിക്ക് മീനടം പഞ്ചായത്ത് ഉടൻ അനുമതി നൽകാൻ മന്ത്രി നിർദേശിച്ചു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയിൽ രണ്ട് പഞ്ചായത്തിന്റെയും സെക്രട്ടറിമാർ, അസിസ്റ്റന്റ് എൻജിനീയർമാർ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി. പഞ്ചായത്തുകളുടെ കത്ത് ലഭിക്കുന്നതിന് അനുസരിച്ച് ആവശ്യമായ സർക്കാർ അനുമതി നൽകുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾക്കായി കൈകോർത്ത പഞ്ചായത്തുകളെ മന്ത്രി അഭിനന്ദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K