15 August, 2024 04:06:46 PM


കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്: സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചെന്ന് ചെയര്‍പേഴ്‌സണ്‍



കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പില്‍ നഗരസഭ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചെന്ന് ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍. പ്രതി അഖില്‍ സി വര്‍ഗീസിന്റെ സര്‍വീസ് ബുക്ക് പരിശോധിക്കുന്നതില്‍ നഗരസഭ സെക്രട്ടറിയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ചെയര്‍പേഴ്സന്റെ ആരോപണം. കൊല്ലം നഗരസഭയില്‍ ജോലി ചെയ്തപ്പോഴുള്ള പ്രതിയുടെ തട്ടിപ്പ് വിവരങ്ങള്‍ അറിഞ്ഞിട്ടും സെക്രട്ടറി നടപടി സ്വീകരിക്കാത്തത് വലിയ വീഴ്ചയുണ്ടാക്കി. വിഷയത്തില്‍ ഭരണപക്ഷത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞു. തുക പാസാക്കുന്ന ധനകാര്യ കമ്മിറ്റിയില്‍ സിപിഐഎം, ബിജെപി അംഗങ്ങള്‍ ഉണ്ട്. വിഷയത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കോട്ടയം നഗരസഭയില്‍ നാളെ അടിയന്തര കൗണ്‍സില്‍ ചേരും. പെന്‍ഷന്‍ തട്ടിപ്പില്‍ എടുത്ത നടപടി ചര്‍ച്ച ചെയ്യാനാണ് അടിയന്തര യോഗം. നേരത്തെ വിഷയത്തില്‍ മൂന്നു ജീവനക്കാരെ നഗരസഭ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നാളെ നഗരസഭയില്‍ എത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K