12 August, 2024 05:53:34 PM


കോട്ടയം- കുമളി ദേശീയപാതയിലെ അപാകതകൾ പരിഹരിക്കാൻ നടപടി



കോട്ടയം: കോട്ടയം- കുമളി ദേശീയപാത 183 ൽ കോട്ടയം മണർകാട് ഐരാറ്റുനട റോഡിൻ്റെ അപാകതകൾ പരിഹരിക്കാൻ നടപടിയായി. ദിനവും  ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മണർകാട് ഐരാറ്റുനടയിൽ പാതയുടെ ടാറിംങ് ഭാഗം ഇടിഞ്ഞ് താഴുന്നതിനാൽ ഇവിടം ബിഎം & ബിസി നിലവാരത്തിൽ നവീകരിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.

ടാറിംങിലെ, വിള്ളൽ പോലുള്ള ഭാഗത്ത് കൂടി ബൈക്കിൽ സഞ്ചരിക്കവേ മണർകാട് സ്വദേശി വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം അധികൃതർ സ്ഥലം സന്ദർശിച്ച ശേഷമാണ്  ബിഎം & ബിസി നിലവാരത്തിൽ നവീകരിച്ചു കൊണ്ട് പാതയുടെ അപകട ഭീഷണി ഒഴിവാക്കാൻ തീരുമാനിച്ചത്. മണർകാട് പള്ളി പെരുന്നാളിന്  മുന്നോടിയായി ഓഗസ്റ്റ് 31 നുള്ളിൽ പാതയുടെ ടാറിംങ് നടത്താനാണ് തീരുമാനം. എന്നാൽ മഴ മൂലമുള്ള പ്രതികൂല കാലാവസ്ഥ തടസ്സമാകുമോ എന്ന ആശങ്കയും ദേശീയപാത അധികൃതർക്കുണ്ട്.

ഇരു വശവും പാടശേഖരങ്ങളോട് ചേർന്നുള്ള ഐരാറ്റുനടയിൽ 2019ലെ പ്രളയത്തിന് ശേഷമാണ് റോഡ് ഇടിഞ്ഞു താഴ്ന്നു തുടങ്ങിയത്. ഇതേ തുടർന്ന് കഴിഞ്ഞ വർഷം വശങ്ങൾ സംരക്ഷണഭിത്തി കെട്ടി ഉറപ്പാക്കിയിരുന്നു.
എന്നാൽ ടാറിംങ് നടത്തിയിരുന്നില്ല. ഇതാണ് അപകട കെണിയായി മാറിയിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K