08 August, 2024 10:18:57 AM


അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് മൂന്ന് കോടി: കോട്ടയം നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനെതിരെ കേസ്



കോട്ടയം: കോട്ടയം നഗരസഭയിൽ മുൻ ജീവനക്കാരൻ നടത്തിയ 3 കോടി രൂപയുടെ തട്ടിപ്പ്  കണ്ടെത്തി. നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വൈക്കം നഗരസഭയിലാണ് ഇപ്പോൾ അഖിൽ ജോലി ചെയ്യുന്നത്. കൊല്ലം സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കോട്ടയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോൾ വലിയ അപാകത ശ്രദ്ധയിൽ പെട്ടിരുന്നു. കോട്ടയം നഗരസഭയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തിൽ പണം അയച്ചതായി കണ്ടെത്തി. അഖിലിൻ്റെ അമ്മയുടെ പേരും പി സ്യാമള എന്നാണ്. കൊല്ലം മങ്ങാട് സ്വദേശിയാണ് അഖിൽ സി വർഗീസ്. പണം ഇയാളിൽ നിന്ന് ഈടാക്കണമെന്നാണ് നഗരസഭയുടെ ആവശ്യം, പ്രതി വിദേശത്തേക്ക് കടന്നു കളയാൻ സാധ്യതയുള്ളതിനാൽ പാസ്പോർട്ട് മരവിപ്പിക്കണമെന്നും നഗരസഭാ അധികൃതർ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K