06 August, 2024 11:30:18 PM


പിറ്റ് ബുൾ നായയുടെ കാവലിൽ ലഹരി മരുന്ന് വ്യാപാരം : പാറമ്പുഴയിൽ യുവാവ് അറസ്റ്റിൽ



കോട്ടയം: പാറമ്പുഴയിൽ ജില്ലാ പൊലീസിൻ്റെ വൻ ലഹരി വേട്ട.
കഞ്ചാവ് കച്ചവടം പിറ്റ് ബുൾ നായയുടെ കാവലിൽ. പാറമ്പുഴ നട്ടാശ്ശേരി മംഗളം എൻജിനീയറിങ് കോളേജിന്റെ പിൻഭാഗത്ത് വീട് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന സൂര്യൻ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്.

വീട് കേന്ദ്രീകരിച്ച് വ്യാപകമായി എംഎഡിഎംഎ വിൽപ്പന നടക്കുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെയും , കോട്ടയം ഡിവൈഎസ്പി അനീഷിന്റെയും , നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ.ജെ തോമസിന്റെയും നേതൃത്വത്തിലുളള പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ എം ഡി എം എയും, കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു.

ഗാന്ധി നഗർ എസ് എച്ച് ഒ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 5 ഗ്രാം എം ഡി എം എ യും, കാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു. വീടിന്റെ വാതിൽ തുറന്നിട്ട ശേഷം, ഇയാൾ വളർത്തിയിരുന്ന പിറ്റ് ബുൾ നായയെ അഴിച്ചുവിട്ടാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

പോലീസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം സ്ഥലത്തെത്തുമ്പോൾ നായയെ അഴിച്ചുവിട്ട ശേഷം വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അപകടകാരിയായ നായയെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം സാഹസികമായാണ് കീഴടക്കിയത്. നായെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് വീടിനുള്ളിൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K