02 August, 2024 06:28:00 PM


പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിക്കുന്നയാൾ പിടിയിൽ

 


മണിമല: വാഹനത്തിൽ  പെട്രോൾ അടിച്ചതിനുശേഷം  പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി  പൈക ഭാഗത്ത് മാറാട്ട്കളം ( ട്രിനിറ്റി ) വീട്ടിൽ ജോയൽ ജോസ് ജോർജ് (28) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ രാത്രിയോടുകൂടി തന്റെ വെള്ള ഹോണ്ട സിറ്റി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം എത്തി 4000 രൂപയ്ക്ക് മുകളിൽ പെട്രോൾ അടിച്ചതിനു ശേഷം ജീവനക്കാരോട് പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്ന് പറയുകയും, ജീവനക്കാർ ഇത് പരിശോധിക്കുന്ന സമയം കാറുമായി കടന്നു കളയുകയായിരുന്നു രീതി.


പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുന്നതിനുവേണ്ടി  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനവുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു. പോലീസിന്റെ പരിശോധനയിൽ ഇയാളുടെ വാഹനത്തിന്റെ ഡിക്കിയിൽ നിന്നും വിവിധ വ്യാജ നമ്പർപ്ലേറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. ഓരോ പെട്രോൾ പമ്പിൽ കയറുമ്പോഴും ഇയാൾ പല നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത് . മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ജയപ്രകാശ്, സി.പി.ഓ മാരായ ജോബി, ബിജേഷ്, അഭിലാഷ്, സോബിൻ പീറ്റർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K