31 July, 2024 12:17:31 PM


തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ എൽഡിഎഫിന്‌ മേൽക്കൈ



കോട്ടയം: കോട്ടയം ജില്ലയിൽ മൂന്ന് വാർഡുകളിലേക്ക്  നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ടിടത്തും, യുഡിഎഫ് ഒരിടത്തും വിജയിച്ചു. വാകത്താനം ഗ്രാമപഞ്ചായത്തിലെ 11- (പൊങ്ങന്താനം) വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്തു. കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി ബവിത ജോസഫ് 2 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബവിത ജോസഫ് 368 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സജിനി മാത്യൂ 366 വോട്ടും ബി.ജെ.പി. സ്ഥാനാർഥി സുമ 48 വോട്ടും നേടി. യു ഡി എഫ് അംഗത്തിൻ്റെ മരണത്തെ തുടർന്നായിരുന്നു പൊങ്ങന്താനത്ത് തെരഞ്ഞെടുപ്പ് നടന്നത്.

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ (പൂവൻതുരുത്ത് ) നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മഞ്ജു രാജേഷിന് 129 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.മഞ്ജു 487 വോട്ട് നേടിയപ്പോൾ ബി.ജെ.പി. സ്ഥാനാർഥി അശ്വതി രാജേഷ് 358 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. എൽഡിഎഫിൻ്റെ സിറ്റിംങ് സീറ്റിൽ
സി.പി.എം. സ്ഥാനാർഥി ജെസി ജെയിംസ് 286 വോട്ടുമായി മൂന്നാം സ്ഥാനത്തായി.

വൈക്കം ചെമ്പ് കാട്ടിക്കുന്ന് ഒന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. സി പി എം ലെ നിഷ വിജു 126 വോട്ടിനാണ് വിജയിച്ചത്. നിഷ വിജു വോട്ടുകൾ 473 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ കവിത ഷാജി 347 വോട്ടും ബി.ജെ.പിയുടെ സിന്ധു മുരളി 42 വോട്ടും നേടി. കാട്ടിക്കുന്ന് വാർഡ് മെമ്പറായിരുന്ന എൽഡിഎഫിലെ ശാലിനി മധു തുടർച്ചയായി പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു. തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫ് ഭരണം നടത്തുന്ന ചെമ്പിൽ  നിലവിൽ എൽഡിഎഫ് - 8 കോൺഗ്രസ് - 4, കേരള കോൺഗ്രസ് (ജോസഫ്)- 1, ബിജെപി - 1 എന്നിങ്ങനെയാണ് കക്ഷി നില.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K