28 July, 2024 07:10:39 PM
ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി പ്രവർത്തനോദ്ഘാടനം നടത്തി
കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സെക്കൻഡറി തലത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കു വേണ്ടിയുള്ള പ്രതിഭാ പോഷണ പരിപാടി ഗിഫ്റ്റഡ് ചിൽഡ്രൻ്റെ കോട്ടയം വിദ്യാഭ്യാസ ജില്ലാതല പ്രവർത്തന ഉദ്ഘാടനം കോട്ടയം എം.ഡി സെമിനാരി സ്കൂളിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. യു.എസ്. എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ 120 കുട്ടികളാണ് പദ്ധതിയിലുള്ളത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ പ്രോജക്ട് വർക്കുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാനശാസ്ത്രവും സാങ്കേതികവിദ്യയും, പരിസ്ഥിതി ശാസ്ത്രം, ഗണിതശാസ്ത്രം, കലയും സാഹിത്യവും സംസ്കാരവും, ഭാഷയും ആശയ വിനിമയ ശേഷിയും, സാമൂഹിക ശാസ്ത്രം, ജീവിത നൈപുണി വികസനം എന്നിങ്ങനെ ഏഴു മേഖലകളെ ആസ്പദമാക്കിയാണ് പ്രവർത്തനങ്ങൾ. ചടങ്ങിൽ എം.ഡി.എച്ച്.എസ്. എസ്. ഹെഡ് മാസ്റ്റർ ഡാനിഷ് പി. ജോൺ അധ്യക്ഷനായിരുന്നു.കോട്ടയം നഗരസഭാംഗം ജയമോൾ ജോസഫ്, സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജെ. പ്രസാദ്, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു ഏബ്രഹാം കോട്ടയം ഡി ഇ. ഒ. എം. ആർ. സുനിമോൾ ,ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം പ്രോഗ്രാം കോർഡിനേറ്റർ, ഏ.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.