27 July, 2024 08:18:56 PM
ഒത്തുചേർന്ന് 'കൂട്ട്': 'കൂട്ടിനൊപ്പം 2024' ദ്വിദിന സഹവാസക്യാമ്പിന് കോട്ടയത്ത് തുടക്കം
കോട്ടയം: മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന്റെ വോളിന്റിയർ വിങ് ആയ കൂട്ടിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'കൂട്ടിനൊപ്പം 2024', തെള്ളകം ചൈതന്യ പാസ്ട്രൽ സെന്ററിൽ ആരംഭിച്ചു. കോട്ടയം ജില്ലാ ഡെപ്യൂട്ടി കളക്ടർ ശ്രീമതി ബീന പി ആനന്ദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലുടനീളമുള്ള മസ്ക്കുലാർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്ക്കുലാർ അട്രോഫി ബാധിതരുടെ കൂട്ടയ്മയാണ് മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റ്. മൈൻഡ് ട്രസ്റ്റിന്റെ പതിനേഴ് സജീവ പദ്ധതികളിലൊന്നാണ് 2020ൽ ആരംഭിച്ച കൂട്ട് വോളന്റിയർ വിങ്. 2020 ഓഗസ്റ്റ് മാസത്തിൽ സ്‌പൈനൽ മസ്ക്കുലാർ അട്രോഫി ബോധവൽക്കരണ ക്യാമ്പയിനു വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒത്തുചേർന്ന വിദ്യാർത്ഥികൾ അടക്കമുള്ള യുവജനങ്ങളാണ് പിന്നീട് കൂട്ട് വോളന്റിയർ വിങ് ആയിരുന്നു മാറിയത്. നിലവിൽ 120 അംഗങ്ങളാണ് കൂട്ടിൽ പ്രവർത്തിക്കുന്നത്.
സന്നദ്ധസേവന പ്രവർത്തനങ്ങളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ട് രൂപപ്പെടുത്തിയ ഒരു പരിശീലന ക്യാമ്പാണ് 'കൂട്ടിനൊപ്പം 2024'. പൊതു ഇടങ്ങളിൽ വിവിധ തരത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് പ്രാപ്യമാകേണ്ട രീതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പഠനക്ലാസ്, ആംഗ്യഭാഷ പരിശീലനം മുതലായവയാണ് പ്രധാനമായും ക്യാമ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉദ്ഘാടനചടങ്ങിൽ മൈൻഡ് ട്രസ്റ്റ് ചെയർമാൻ സക്കീർ ഹുസൈൻ, ജോയിന്റ് കൺവീനർ ജോൺ എ. ജെ, കൂട്ട് വോളന്റിയർ വിങ് സംസ്ഥാന സെക്രട്ടറി തെരേസ ടോമി, സംസ്ഥാന കോർഡിനേറ്റർ ലയ രാജൻ മുതലായവർ സംസാരിച്ചു. കൂട്ടിനൊപ്പം 2024, ജൂലൈ 28ന് വൈകുന്നേരം സമാപിക്കും.