27 July, 2024 12:04:57 PM


നീറ്റ് യു.ജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ് ഷർമിലിന് അഭിനന്ദനങ്ങളുടെ പ്രവാഹം



കോട്ടയം: നീറ്റ് യു.ജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥി ശ്രീനന്ദ് ഷർമിലിന് അഭിനന്ദനങ്ങളുടെ പ്രവാഹം. കഠിനാധ്വാനത്തിൻ്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലമാണ് ഈ വലിയ വിജയമെന്ന് മന്ത്രിമാരായ വി ശിവൻ കുട്ടിയും വി എൻ വാസവനും അഭിപ്രായപ്പെട്ടു.

പ്ലസ് ടു പഠനത്തോടൊപ്പം നീറ്റ് പരീക്ഷാപരിശീലനവും ശ്രീനന്ദ് മാന്നാനം സ്കൂളിൽ തന്നെയാണ് പൂർത്തിയാക്കിയത്. ശ്രീനന്ദിന്റെ വിജയത്തിന് ഒപ്പം നിന്ന രക്ഷിതാക്കൾ ഡോ. ഷർമിലിനും ഡോ. പ്രിയക്കും മാന്നാനം കുര്യാക്കോസ് ഏലിയാസ് സ്കൂളിലെ അധ്യാപകർക്കും സ്നേഹാശംസകൾ മന്ത്രി അറിയിച്ചു. 

കഴിഞ്ഞദിവസം വിദ്യാലയത്തിലെ ഉന്നത വിജയം നേടിയവരെ അഭിനന്ദിക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും ഏറെ ആഹ്ലാദകരമായ പരിപാടിയിൽ ശ്രീനന്ദിനെയും അഭിനന്ദിച്ചിരുന്നുവെന്നും മന്ത്രി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.  സുപ്രീം കോടതി നിര്‍ദേശ പ്രകാരം പുനർ മൂല്യനിർണയം നടത്തിയതിന് ശേഷമുള്ള റാങ്കാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പുതുക്കിയ പരീക്ഷാ ഫലത്തിൽ മലയാളി അടക്കം 17 വിദ്യാർഥികൾ ഒന്നാം റാങ്ക് നേടി.

മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് ചുവടെ.

കോട്ടയം ഏറ്റുമാനൂരിലെ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീനന്ദ് ഷർമിലിനെ നീറ്റ് യു.ജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിന് അഭിനന്ദിക്കുന്നു.

നിരന്തരമായ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ് ഈ വിജയം. നീറ്റ് പരീക്ഷാപരിശീലനവും ശ്രീനന്ദ് മാന്നാനം സ്കൂളിൽ തന്നെയാണ് പൂർത്തിയാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K