21 July, 2024 07:51:55 PM


സ്പെഷ്യൽ ഡ്രൈവ്: കോട്ടയം ജില്ലയിൽ വ്യാപക പരിശോധന

 


കോട്ടയം: കോട്ടയം ജില്ലയിൽ  ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 15 കേസും, മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 146 കേസുകളും ഉൾപ്പെടെ 161കേസുകൾ രജിസ്റ്റർ ചെയ്തു. വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലോഡ്ജൂകൾ, ഹോംസ്റ്റേകൾ,റിസോര്‍ട്ടുകള്‍ എന്നിങ്ങനെ 228 ഇടങ്ങളിലും പ്രത്യേക പരിശോധനയും നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 149 പേരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. കൂടാതെ മുന്‍ കേസുകളില്‍ പെട്ട 55 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് വാഹന പരിശോധനയും, കൂടാതെ ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ,റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡിനെ ഉള്‍പെടുത്തി പ്രത്യേക പരിശോധനയും നടത്തി. വെള്ളിയാഴ്ച രാവിലെ  തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ച്ചെ വരെ  നീണ്ടുനിന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K