06 July, 2024 05:59:52 PM
കോട്ടയത്തെ ആകാശപാത പൊളിക്കാൻ അനുവദിക്കില്ല- രമേശ് ചെന്നിത്തല
കോട്ടയം: തൃശ്ശൂരിലും, കൊല്ലത്തും ഉള്ള ആകാശപാത പദ്ധതിക്ക് കോട്ടയത്ത് മാത്രം നിർമ്മാണ പ്രതിസന്ധി നേരിടുന്നത് കോട്ടയത്തിന്റെ എംഎൽഎ യുഡിഎഫുകാരൻ ആയതുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫ് എം.എൽ.എ മാരോട് സർക്കാരിന് ചിറ്റമ്മനയമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ആകാശപ്പാതയ്ക്ക് സമീപം കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആകാശപാത പൊളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1.30 കോടി രൂപ ആകാശപ്പാതയ്ക്കു വേണ്ടി ഇതിനകം ചെലവാക്കി. ബാക്കി പണം അനുവദിക്കാതെ കഴിഞ്ഞ എട്ടുകൊല്ലമായി കോട്ടയത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ സര്‍ക്കാര്‍, ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയമായും സാങ്കേതികമായും ഉള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ഗവൺമെന്റ് മാറി എന്നതുകൊണ്ട് പദ്ധതി വേണ്ട എന്ന് വയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എം.എൽ.എമാരുടെ വീട്ടിലേക്കല്ല, മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ് സമരം നടത്തേണ്ടതെന്നും ഇതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഭരണം മുമ്പ് ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ മാണി സി.കാപ്പൻ, അഡ്വ. മോൻസ് ജോസഫ്, അഡ്വ. ചാണ്ടി ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു