06 July, 2024 11:55:19 AM


അഞ്ച് വയസുള്ള കുഞ്ഞിന് കരൾ പകുത്ത് നൽകി അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ കോട്ടയത്ത്



കോട്ടയം: സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ  പൂർത്തിയായി.  അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.  സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്‍റെഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K