03 July, 2024 07:00:31 PM


നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് കോട്ടയത്ത് അറസ്റ്റിൽ

 


കോട്ടയം: വീട്ടമ്മയ്ക്ക്   വിദേശത്ത് നഴ്സിംഗ്  ജോലി വാഗ്ദാനം ചെയ്ത്  ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ ഭാഗത്ത് മാളികപ്പറമ്പിൽ വീട്ടിൽ ജോൺസൺ എം.ചാക്കോ (30)  എന്നയാളെയാണ് കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലിചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം  കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക്  ന്യൂസിലൻഡിൽ നഴ്സിംഗ്  ജോലി  വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലി നൽകുകയായിരുന്നു. ഇവർ നൽകിയ വിസ പ്രകാരം യുവതിക്ക്   മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിനും സാധ്യമല്ലായിരുന്നു. തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തുകയും ഭർത്താവ് പോലീസിൽ പരാതി നൽകുകയുമായിരുന്നു.


പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്  നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ്, അരുൺ  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മുഖ്യ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K