24 June, 2024 07:10:10 PM


കവർച്ചാ പദ്ധതി തകർത്ത് കോട്ടയം ജില്ലാ പോലീസ്: മൂന്നുപേർ പിടിയിൽ



കോട്ടയം : ജില്ലയിലെ വിവിധ ഇടങ്ങളിൽ കവർച്ചയ്ക്ക്  ആസൂത്രണം ചെയ്തു വരവേ മോഷണം, കവർച്ച  ഉൾപ്പെടെ  വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് മുന്നാട് ,ചേരിപ്പാടി LP സ്കൂകൂളിന്  സമീപം ചേരിപ്പടി വീട്ടിൽ വിഷണുദാസ് (24), ആലപ്പുഴ,ഇരുമ്പുപാലം, മുക്കവലയ്ക്കൽ ഭാഗത്ത് നടിച്ചിറയിൽ വീട്ടിൽ ശ്രീജിത്ത് (33), ചെങ്ങളം സൗത്ത്, പരുത്തിയകം ഭാഗത്ത് അറത്തറയിൽ വീട്ടിൽ ആരോമൽ സാബു (21) എന്നിവരെയാണ് കോട്ടയം വെസ്റ്റ്  പോലീസ് അറസ്റ്റ് ചെയ്തത്.


വിവിധ കേസുകളിലെ പ്രതികളായ  ഇവർ മൂന്നുപേരും ചേര്‍ന്ന് കോട്ടയത്ത് കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടയം വെസ്റ്റ്  പോലീസ് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം രാത്രിയിൽ അയ്മനം, പരിപ്പ് ബസ് സ്റ്റാൻഡിന്റെ സമീപത്തുവച്ച് മൂന്നുപേരെയും പോലീസ് പിടികൂടുന്നത്. വിഷ്ണുദാസിന് പയ്യന്നൂർ, ഹോസ്ദുർഗ് എന്നീ സ്റ്റേഷനുകളിലും ശ്രീജിത്തിന് ആലപ്പുഴ സൗത്ത്, നെടുമുടി, കുമരകം എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ആരോമൽ സാബു കുമരകം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്.


പോലീസിനെ കണ്ട്  ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പോലീസ് പിന്തുടർന്ന് സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ.എം, എസ്.ഐമാരായ റിൻസ് എം.തോമസ്, സിജു കെ.സൈമൺ, സി.പി.ഓ മാരായ അനു, ഹരിഹരൻ, അനീഷ് മാത്യു, രൂപേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K