23 June, 2024 06:12:51 PM


വർക്ക്ഷോപ്പിൽ നിന്നും ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മുന്‍ ജീവനക്കാരന്‍ അറസ്റ്റിൽ


 
പൊൻകുന്നം : ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ നിന്നും വാഹങ്ങളുടെ പട്സുകള്‍ അടക്കം ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മുന്‍ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വളവുകയം ഭാഗത്ത് കാക്കനാട്ട് വീട്ടിൽ അലൻ കെ തോമസ് (32) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന കോപ്രാക്കളം ഭാഗത്തുള്ള ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ നിന്നും കഴിഞ്ഞദിവസം രാത്രിയോടു കൂടി ലോറിയുടെ ഡിസ്കുകളും, ഹൈഡ്രോളിക് ജാക്കിയും വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ജാക്കി ലിവർ, ടൂൾസ് ബോക്സ്‌, 100 കിലോ തൂക്കം വരുന്ന ഇരുമ്പ് അടകല്ല് തുടങ്ങിയ സാമഗ്രികൾ ഉൾപ്പെടെ 44000(നാല്പത്തി നാലായിരം) രൂപയുടെ മുതലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ മോഷ്ടിച്ച മുതലുകൾ വില്പന നടത്തിയ കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ ബിനുകുമാർ വി.പി, സി.പി.ഓ മാരായ ഷാജി ചാക്കോ, ഷാനവാസ് പി.കെ, അരുൺ സോമൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K