22 June, 2024 07:20:09 PM
കോട്ടയത്ത് വീണ്ടും മോഷണം; ചുങ്കത്ത് മോഷണം നടന്നത് ഏഴ് കടകളിൽ
കോട്ടയം: ചുങ്കത്ത് ഏഴ് കടകളിൽ മോഷണം. ശനിയാഴ്ച പുലർച്ചെയോടെയാണ് ചുങ്കം ജംങ്ഷനിലെ ഇരുവശത്തുമുള്ള കടകളിൽ മോഷണം നടന്നത്. താഴുകൾ തകർത്തും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചുമാണ് ചില കടകൾ കുത്തിത്തുറന്നത്.
ചുങ്കം ജങ്ഷനിലെ സിമന്‍റ് കട, റേഷൻകട, ബേക്കറികൾ, പലചരക്കുകടകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു മോഷണം. എന്നാൽ കാര്യമായി പണം നഷ്ടപ്പെട്ടില്ലെന്ന് കടയുടമകൾ പറഞ്ഞു. ചുങ്കത്തെ വീനസ് ബേക്കറി ഉടമ അജയ്യുടെ മറന്നുവെച്ച മൊബൈൽ ഫോൺ മോഷ്ടാക്കൾ കവർന്നിട്ടുണ്ട്.. കൂടാതെ കടയിലെ സാധനങ്ങൾ വലിച്ചുവാരി പരിശോധിച്ചു നിലയിലുമായിരുന്നു. കടയുടെ സമീപത്തു നിന്നും താഴുകൾ തകർത്തനിലയിൽ കണ്ടെത്തി.
കടകളിലെ സി.സി.ടി.വി കാമറകൾ ഓഫായിരുന്നതിനാൽ മോഷ്ടാക്കളുടെ ദൃശ്യം ലഭ്യമല്ല.ഇവിടെയുണ്ടായിരുന്ന മൊബൈൽകടയിൽ ഗ്ലാസ്ഡോറുകൾ ആയതിനാൽ താഴുകൾ തകർത്ത മോഷ്ടാക്കൾക്ക് അകത്തുകടക്കാനായില്ല. നാട്ടുകാരും കടയുടമകളും വിവരമറിയിച്ചതിനെ തുടർന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരി വ്യവസായ ഏകോപനസമിതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചുങ്കത്ത് പേലീസ് പെട്രോളിംങ് ശക്തമാക്കി, നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാണ്. കഴിഞ്ഞ മെയ് 27 ന് കോട്ടയം നഗരമധ്യത്തിൽ കെ കെ റോഡരികിൽ ചന്ത കവലയിൽ പ്രവർത്തിച്ചിരുന്ന ആറ് കടകളിൽ കവർച്ച നടന്നു. ഇതോടൊപ്പം കോട്ടയം ടൗൺ പരിസരങ്ങളിലെ നിരവധി ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു.