20 June, 2024 04:21:58 PM


കോട്ടയം നഗരത്തിൽ ക്ഷേത്രം ഉൾപ്പെടെ മൂന്നിടങ്ങളിൽ കവർച്ച



കോട്ടയം: കോട്ടയത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും മോഷണം. കോട്ടയം ടൗൺ പരിധിയിലുള്ള മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലും,  നിർമ്മാണത്തിൽ ഇരുന്ന വീട്ടിലും കടയിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കടക്ക് മുന്നിലെ നിരീക്ഷ ക്യാമറയിൽ നിന്നും മോഷ്ടാക്കൾ ഷട്ടർ തകർക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

കൊപ്രത്ത് ക്ഷേത്രത്തിലെ ഓഫീസിനുള്ളിൽ കടന്ന മോഷ്ടാവ് ഓഫീസിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 8,000 രൂപ കവർന്നു. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും തകർത്തെങ്കിലും പണം നഷ്ടമായിട്ടില്ല. കാണിക്ക വഞ്ചിയിലെ പണം കഴിഞ്ഞദിവസം അധികൃതർ തിട്ടപ്പെടുത്തി എടുത്തിരുന്നതിനാലാണ് വലിയ തുക നഷ്ടമാകാതിരുന്നത്.

ഇതുകൂടാതെ മുട്ടമ്പലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ കയറിയ മോഷ്ടാവ് ഇവിടെ നിന്നും ജ്യൂസ് അടക്കമുള്ള സാധനങ്ങളും കവർന്നിട്ടുണ്ട്. പുലർച്ച ഒന്നരയോടെയാണ് മോഷണം നടന്നത്. ചുവന്ന ഷർട്ട് ധരിച്ചെത്തിയ രണ്ട് പേർ ചേർന്ന് ഷട്ടർ തകർക്കുന്നതും നിരീക്ഷണ ക്യാമറയിൽ നിന്ന് വ്യക്തമാണ്. 

സമീപത്ത് നിർമ്മാണത്തിൽ ഇരുന്ന വീട്ടിൽ കയറിയ മോഷ്ടാവ് , ഇവിടെ സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു. വയറിങ്ങിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് ഇവിടെനിന്ന് മോഷണം പോയത്. മുട്ടമ്പലം കൊപ്രത്ത് തേരേട്ടുമറ്റം ജിനി പ്രകാശിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K