20 June, 2024 12:15:05 PM


കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു



കോട്ടയം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശ്‌നം ഗുരുതരമായതോടെ പഞ്ചായത്ത് നായകളെ പിടികൂടാനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും തുടങ്ങിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. എംബിബിഎസ്, ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കാണ് കടിയേറ്റത്. വിദ്യാര്‍ത്ഥികളെ കടിച്ച നായ കഴിഞ്ഞദിവസം ചത്തു. ഇതേതുടര്‍ന്ന് നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധന നടത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാരീതിയിലും മാറ്റം വരുത്തി.

ക്യാമ്പസില്‍ വലിയ തോതില്‍ നായ ശല്യം ഉണ്ടെന്ന് നേരത്തെ തന്നെ രോഗികളും കൂട്ടിരിപ്പുകാരും വിദ്യാര്‍ത്ഥികളും പരാതിപ്പെട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി കൈകൊണ്ടിട്ടില്ലെന്ന് ആരോപണമുണ്ട്. നായക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും കൂടുതല്‍ പേര്‍ക്ക് കടിയേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് തെരുവുനായകളെ പിടികൂടാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

പിടികൂടുന്ന നായ്ക്കളെ പ്രതിരോധ വാക്‌സിന്‍ നല്‍കി തിരിച്ച് അവിടെത്തന്നെ വിടുകയാണ്. മാലിന്യ പ്രശ്‌നമാണ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നായ്ക്കളുടെ എണ്ണം കൂടാന്‍ കാരണം. ഇത് കൂടാതെ പലരും നായ്ക്കളെയും പൂച്ചകളെയും ക്യാമ്പസില്‍ കൊണ്ടുവന്ന ഉപേക്ഷിക്കുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K