13 June, 2024 05:48:11 PM


മാസങ്ങൾക്ക് ശേഷം കോട്ടയം തിരുനക്കര സ്റ്റാൻഡ് പ്രവർത്തനക്ഷമമായി



കോട്ടയം: 9 മാസങ്ങൾക്ക് ശേഷം കോട്ടയം തിരുനക്കര സ്റ്റാൻഡ് പ്രവർത്തനക്ഷമമായി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ബസുകൾ പഴയ സ്റ്റാൻഡിനുള്ളിൽ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കി തുടങ്ങിയത്. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കർശന നിർദേശത്തെ തുടർന്നാണ് കോട്ടയം നഗരസഭ, അടിയന്തരമായി സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുവാൻ നടപടി സ്വീകരിച്ചത്.

ബസ് സ്റ്റാൻഡിനുള്ളിൽ ഒരു ദിശാ ബോർഡ് നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ട്രാഫിക് പോലീസും, ബസ്സുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകി ഇവിടെ ഡ്യൂട്ടിയിലുണ്ട്. എന്നാൽ വെയിറ്റിംഗ് ഷെഡിൻ്റെ അഭാവം യാത്രക്കാർക്ക് ദുരിതമായേക്കും. സ്പോൺസറെ കണ്ടെത്തി താൽക്കാലികമായിട്ട് എങ്കിലും വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്നുള്ള നിർദ്ദേശവും ലീഗൽ സർവീസസ് അതോറിറ്റി നഗരസഭയ്ക്ക് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സിറ്റിംങിൽ ബുധനാഴ്ച മുതൽ തിരുനക്കര പഴയ  ബസ് സ്റ്റാൻഡ് തുറന്നു നൽകുമെന്നായിരുന്നു കോട്ടയം നഗരസഭ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചിരുന്നത്. എന്നാൽ ബസ് ബേ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രതികൂല കാലാവസ്ഥ മൂലം സജ്ജമാക്കിയില്ല എന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം കൂടി സാവകാശം അതോറിറ്റി നഗരസഭയ്ക്ക് നൽകുകയായിരുന്നു. തുടർന്നാണ് ഇന്ന് രണ്ട് മണി മുതൽ ബസുകൾ കടത്തിവിട്ട് തുടങ്ങിയത്.


കാലപ്പഴക്കം മൂലം പഴയ ബസ്റ്റാൻഡ് പരിസരത്തെ ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്ന നടപടികളുമായി ബന്ധപ്പെട്ടാണ് സ്റ്റാൻഡിനുള്ളിൽ ബസുകൾ കയറുന്നത് കഴിഞ്ഞ വർഷം സെപ്തംബർ മുതൽ നിർത്തി വച്ചത്. ഇതിനുശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലാണ് നിർത്തി വന്നിരുന്നത്. യാത്ര ദുരിതത്തിനൊപ്പം കോട്ടയം നഗരത്തിൽ വലിയ ഗതാഗതകുരുകും ഇത് സൃഷ്ടിച്ചിരുന്നു.തുടർന്നാണ് വിഷയത്തിൽ ലീഗൽ സർവീസസ് സൊസൈറ്റി അടിയന്തരമായി ഇടപെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K