12 June, 2024 05:01:24 PM


തിരുനക്കര ബസ് സ്റ്റാന്‍റില്‍ ഇന്ന് മുതല്‍ ബസുകള്‍ കയറണമെന്ന നിർദേശം നടപ്പായില്ല



കോട്ടയം: തിരുനക്കര പഴയ ബസ് സ്റ്റാന്റില്‍ ഇന്ന് മുതല്‍ ബസുകള്‍ കയറിയിറങ്ങണമെന്ന നിർദ്ദേശം ഇന്ന് നടപ്പായില്ല.
ഒരു ദിവസത്തെ കൂടി സാവകാശം ചോദിച്ച് കോട്ടയം നഗരസഭ. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ സിറ്റിംങ്ങിൽ അടിയന്തരമായി ബസ് ബേ ഒരുക്കി ബുധനാഴ്ച സ്റ്റാൻഡിൻ്റെ പ്രവർത്തനം സാധാരണ നിലയിലാക്കുമെന്ന് കോട്ടയം നഗരസഭ നൽകിയ ഉറപ്പ് ഇതോടെ ലംഘിക്കപ്പെട്ടു. ബസ് ബേ അടക്കമുള്ള ക്രമീകരണങ്ങൾ പ്രതികൂല കാലാവസ്ഥ മൂലം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല എന്ന് സെക്രട്ടറി അറിയിച്ചു.


വ്യാഴാഴ്ച മുതൽ ബസ് സ്റ്റാൻഡിലൂടെ സർവ്വീസ് നടത്തുവാൻ ക്രമീകരണം ഒരുക്കുമെന്നാണ് നഗരസഭാ സെക്രട്ടറി ഇന്ന് നടന്ന സിറ്റിംങ്ങിൽ അതോറിട്ടിയെ അറിയിച്ചിരിക്കുന്നത്. നാളെ നടക്കുന്ന സിറ്റിംങ്ങിൽ വിഷയം വീണ്ടും പരിഗണിക്കുമെന്നും, കൂടുതൽ സമയം അനുവദിക്കാൻ ഇനി കഴിയില്ലെന്നും അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജിയുമായ ജി. പ്രവീൺകുമാർ വ്യക്തമാക്കി.

കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡ് ഉള്ളിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം കാലപ്പഴക്കത്താൽ പൊളിച്ചു നീക്കണമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്റ്റാൻഡിനുള്ളിലൂടെയുള്ള ബസ്സുകളുടെ സർവീസ് കോട്ടയം നഗരസഭ നിർത്തി വച്ചത്. ഇതോടെ കഴിഞ്ഞ 10 മാസമായി ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ യാത്രക്കാരെ കയറ്റി ഇറക്കിയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.

എന്നാൽ ഇത് കോട്ടയം ടൗണിൽ എത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും, ഗതാഗതകുരുക്കും പരിഗണിച്ചുകൊണ്ടാണ് ജില്ലാ ഭരണകൂടം, പോലീസ് തുടങ്ങിയവരുമായി ചർച്ച നടത്തി അടിയന്തരമായി തിരുനക്കര പഴയ ബസ് സ്റ്റാൻഡ് ബുധനാഴ്ച മുതൽ തുറന്നു നൽകുവാൻ കോട്ടയം നഗരസഭയ്ക്ക് ലീഗൽ സർവീസസ് അതോറിറ്റി നിർദ്ദേശം നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് സ്റ്റാൻഡ് തുറക്കാൻ വൈകിയത് എന്നായിരുന്നു അധികൃതരുടെയും വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K