06 June, 2024 07:14:28 PM
കുട്ടിക്കാനത്ത് കൊക്കയ്ക്ക് സമീപത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് യന്ത്ര തകരാർ; തല നാരിഴയ്ക്ക് രക്ഷപെടൽ
കോട്ടയം: കോട്ടയത്ത് നിന്നും കുമളിക്ക് പോയ ബസിന് കുട്ടിക്കാനത്ത് കൊക്കയ്ക്ക് സമീപത്ത് വച്ച് യന്ത്ര തകരാർ. തല നാരിഴയ്ക്ക് രക്ഷപെടൽ. ഇന്ന് പുലർച്ചെ 6 മണിയോടെ കോട്ടയം ഡിപ്പോയിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന RPM 513 നമ്പർ കുമളി ഫാസ്റ്റ് പാസഞ്ചർ ബസിന് കുട്ടിക്കാനം സ്റ്റോപ്പിന് ശേഷം രണ്ടാം വളവിൽ എത്തിയപ്പോഴാണ് യന്ത്ര തകരാർ ഉണ്ടായത്. 33 യാത്രക്കാരും, രണ്ട് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്.
ടയർ ഭാഗത്തെ പ്ലേറ്റ് സെറ്റിന്റെ ക്ലാമ്പ്ഇളകിപ്പോയതോടെ ബസ് നിയന്ത്രണം തെറ്റി മുന്നോട്ട് നീങ്ങി. റോഡിൻ്റെ ഇടതുവശം അഗാധമായ കൊക്കയാണെന്നത് ആശങ്ക ഉയർത്തി. എന്നാൽ ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ അതിവേഗം ബസ് നിർത്തുവാൻ സാധിച്ചു.തുടർന്ന് മറ്റൊരു ബസ് എത്തിയാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്.
സ്പെയർ പാർട്സുകളുടെയും, കൃത്യമായ അറ്റകുറ്റപ്പണികളുടെയും അഭാവമാണ് ഡിപ്പോയിലെ ബസുകൾക്ക് നിരന്തരം തകരാർ സംഭവിക്കുന്നതിന് കാരണമെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഏതായാലും വലിയ ഒരു അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിൻ്റെ ആശ്വസത്തിലാണ് യാത്രക്കാരും, ബസ് ജീവനക്കാരും..