05 June, 2024 07:02:34 PM
സ്വന്തം പേരിൽ വൃക്ഷത്തൈ നട്ട് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ
കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈനടലിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് വൃക്ഷത്തൈനട്ട് നിര്‍വഹിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്ന വൃക്ഷത്തൈനടൽ ഇത്തവണ വളരെ വ്യത്യസ്തമായ രീതിയിലാണ് ജില്ലാ പോലീസ് നടത്തിയത്. ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും, എസ്.എച്ച്.ഓ മാരെയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധ ഇനത്തിൽപ്പെട്ട ഫലവൃക്ഷങ്ങളുടെ 74 തൈകളാണ് പരേഡ് ഗ്രൗണ്ടിന്റെ വശങ്ങളിലായി നട്ടുപിടിപ്പിച്ചത്.
പോലീസുദ്യോഗസ്ഥരുടെ പേരുകളിൽ അതാത് ഓഫീസർമാർ വൃക്ഷ തൈകൾ നടുകയായിരുന്നു. ഇതിനാൽ ഓരോ വ്യക്തികളും അവരവരുടെ പേരുകൾ ആലേഖനം ചെയ്ത വൃക്ഷത്തൈകളാണ് നട്ടത്. ഇങ്ങനെ ചെയ്യുന്നതോടുകൂടി ഇത് താനാണ് നട്ടതെന്ന അഭിമാനത്തോടുകൂടി വൃക്ഷ തൈകള്‍ സംരക്ഷിക്കുന്നതിനും, അവ നശിച്ചു പോകാതെ പരിപാലിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥർക്ക് പ്രചോദനമാവുകയും, ഇങ്ങനെ പ്രകൃതി സ്നേഹം വളർത്തിയെടുക്കുന്നതിനും, ഇത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ജില്ലാ പോലീസ് ഇത്തരത്തിൽ സംഘടിപ്പിച്ചതെന്നും എസ്.പി പറഞ്ഞു. ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, ജില്ലയിലെ മറ്റ് ഡിവൈഎസ്പി മാർ, എസ്.എച്ച്.ഓ മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.