05 June, 2024 06:54:17 PM


ബാറ്ററി മോഷണം: അന്യസംസ്ഥാന സ്വദേശികളായ മൂന്നുപേർ പിടിയിൽ



കോട്ടയം : ത്രിവേണി മൊബൈൽ സൂപ്പർമാർക്കറ്റ് വാഹനത്തിന്റെ  ബാറ്ററികൾ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ മൂന്നുപേരെ  പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ റാഷിദ് മൊണ്ടൽ (33), ടോട്ടൻ ഷെയ്ഖ് (32), കർണാടക സ്വദേശിയായ ഹസൻ (53) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം പുലർച്ചെ നാലുമണിയോടുകൂടി പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം കൺസ്യൂമർഫെഡിന്റെ കീഴിലുള്ള ഗോഡൗണിൽ നിർത്തിയിട്ടിരുന്ന ത്രിവേണി മൊബൈൽ സൂപ്പർമാർക്കറ്റ് വാഹനങ്ങളുടെ ബാറ്ററിയും, ഇൻവേർട്ടർ ബാറ്ററിയും ഉൾപ്പെടെ മൂന്ന് ബാറ്ററികൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.


പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ  എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ മാരായ റിൻസ് എം തോമസ്, സജികുമാർ, സിജു കെ.സൈമൺ, സി.പി.ഓ മാരായ രാജേഷ് കെ.എം, ശ്യാം.എസ്.നായർ, സലമോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K