03 June, 2024 10:56:47 PM


വിധി അറിയാൻ ഇനി മണിക്കൂറുകൾ; വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിക്കും



കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ  ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഏഴിടങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക.

വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന് ഓരോ മേശയിലും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പു നിരീക്ഷകരുടെ സാന്നിധ്യത്തിൽ രാവിലെ 5.30ന് റാൻഡമൈസേഷൻ നടത്തും. ഉദ്യോഗസ്ഥർ രാവിലെ ആറിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഹാജരാകും.

പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂം രാവിലെ ഏഴിന് തുറക്കും. തുടർന്ന് പോസ്റ്റൽ ബാലറ്റുകൾ 50 വീതമുള്ള കെട്ടുകളാക്കി തിരിക്കും. പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി.എസ്.) എണ്ണുന്നതിനായി 31 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരു ടേബിളിൽ 500 പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകൾ രാവിലെ 7.30ന് തുറക്കും. വരണാധികാരി, ഉപവരണാധികാരി, സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുദ്രവച്ച സ്‌ട്രോങ്ങ് റൂം തുറക്കുക. തുടർന്ന് വോട്ടിങ് യന്ത്രങ്ങൾ ഏഴിടങ്ങളിലായി സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വോട്ടെണ്ണൽ മേശയാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും ഉണ്ടാകും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ജോലി. 

ഒരു റൗണ്ടിൽ ഒരേ സമയം 14 മേശയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂർ-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണൽ റൗണ്ടുകളുടെ എണ്ണം. ഓരോ റൗണ്ടും പൂർത്തീകരിക്കുമ്പോൾ ലീഡ് നില അറിയാം.  

പോസ്റ്റൽ ബാലറ്റുകളും സേനാവിഭാഗങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്കു നൽകിയ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.റ്റി.പി.ബി.എസ്.) എണ്ണുന്നത് കോളജ്  മൈതാനത്ത് നിർമിച്ച പന്തലിലാണ്. പാലാ, പിറവം, വൈക്കം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ സമീപത്തുള്ള മറ്റൊരു പന്തലിലാണ്. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലേത് കോളജ് ലൈബ്രറി ഹാളിലും കോട്ടയത്തേത് ഓഡിറ്റോറിയത്തിലും കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിലേത് ഡി ബ്ലോക്കിലുമാണ് എണ്ണുക.

വോട്ടെണ്ണൽ ഹാളിൽ
മൊബൈൽഫോൺ അനുവദിക്കില്ല

കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ്  കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, അവരുടെ വോട്ടെണ്ണൽ ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. തെരഞ്ഞെടുപ്പു കമ്മിഷൻ അതോറിറ്റി ലെറ്റർ അനുവദിച്ചിട്ടുള്ള മാധ്യമപ്രവർത്തകർക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കാം.
വോട്ടെണ്ണൽ ഹാളുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല. കർശന നിയന്ത്രണങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

വോട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു.

വോട്ടെണ്ണൽ ഇങ്ങനെ

വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കൺട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശപ്പുറത്ത് വയ്ക്കുക. കൗണ്ടിങ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിക്കും. തുടർന്ന് ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ അതിൽ നിന്ന് ഏതെങ്കിലും രണ്ടു യന്ത്രം എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി റൗണ്ടിന്റെ ഫലം റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസർ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകൾ എടുത്തുമാറ്റി  അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ കൊണ്ടുവരാൻ നിർദേശം നൽകും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ പരിശോധന നടക്കൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നാണ് നിർദേശം. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം.

പോസ്റ്റൽ ബാലറ്റ് എണ്ണുന്നത് ഇങ്ങനെ

വോട്ടെണ്ണൽ ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് 31 മേശ ഒരുക്കിയിട്ടുണ്ട്. ഒരു ടേബിളിൽ പരമാവധി 500 വോട്ട് ആണ് എണ്ണുക.  പോസ്റ്റൽ വോട്ടെണ്ണൽ പ്രക്രിയ റിട്ടേണിങ് ഓഫീസറും തെരഞ്ഞെടുപ്പ് നിരീക്ഷനും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും.

 വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുവരെ ലഭിച്ച ഇടിപിബിഎസുകൾ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആർ കോഡ് റീഡർ ഉപയോഗിച്ച് വോട്ടുകൾ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പർവൈസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ക്യു ആർ കോഡ് റീഡിങ്ങിന് ശേഷം കവറുകൾ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും.  

ലഭിച്ച തപാൽ വോട്ടുകളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായി സാധുവായ തപാൽ വോട്ടുകൾ തരംതിരിച്ച ശേഷം ഓരോ സ്ഥാനാർഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസൾട്ട് ഷീറ്റിൽ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് ചെയ്യുക.

മാറ്റുരച്ചത് 14 പേർ

പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോട്ടയം ലോക്‌സഭ മണ്ഡലം. 14 സ്ഥാനാർഥികളാണ് മത്സരിച്ചത്.

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചവർ
(പേര്, രാഷ്ട്രീയകക്ഷി, ചിഹ്നം എന്ന ക്രമത്തിൽ)

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- രണ്ടില
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- ആന
3. വി.പി. കൊച്ചുമോൻ-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോർച്ച്
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- കുടം
5. പി.ഒ. പീറ്റർ- സമാജ്വാദി ജനപരിഷത്ത്-കൈവണ്ടി
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-ഓട്ടോറിക്ഷ
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - അലമാര
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- കരിമ്പുകർഷകൻ
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-ടെലിവിഷൻ
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-ലാപ്ടോപ്പ്
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ- ടെലിഫോൺ
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ- വളകൾ
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- ബക്കറ്റ്
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-ഗ്യാസ് സ്റ്റൗ

ആകെ വോട്ടിങ് 66.72%

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ തപാൽ വോട്ടുകൾ അടക്കമുള്ള ആകെ വോട്ടിങ് ശതമാനം 66.72 ശതമാനമാണ്. പോളിങ് ദിനത്തിലെ വോട്ടിങ് 65.61 ശതമാനവും. പോളിങ് ദിനത്തിൽ ലോക്‌സഭാ മണ്ഡലത്തിലെ 12,54,823 വോട്ടർമാരിൽ 8,23,237 പേരാണ് വോട്ട് ചെയ്തത്. 14040 തപാൽ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 12,54,823 വോട്ടർമാരിൽ 8,37,277 പേർ വോട്ട് ചെയ്തു. ജൂൺ മൂന്നു വരെ 564 ഇ.ടി.പി.ബി.എസ്. വോട്ടുകളും രേഖപ്പെടുത്തി ലഭ്യമായിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്വീകരിക്കും.

വോട്ടിങ് നില മണ്ഡലം തിരിച്ച് (മണ്ഡലം, മൊത്തം വോട്ടർമാർ, വോട്ട് ചെയ്തവർ, ശതമാനം എന്ന ക്രമത്തിൽ)
പിറവം 206051, 135011, 65.52%
പാലാ  186153, 119128, 63.99%
കടുത്തുരുത്തി 187350, 116681, 62.28%
വൈക്കം 163469, 117192, 71.69%
ഏറ്റുമാനൂർ 168308, 112059, 66.58%
കോട്ടയം  163830, 106351, 64.92%
പുതുപ്പള്ളി 179662, 116815 65.02%

results.eci.gov.in എന്ന വെബ് സൈറ്റിലൂടെ തെരഞ്ഞെടുപ്പ് ഫലം അറിയാം. 

വോട്ടെണ്ണൽ ദിനം ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K