01 June, 2024 06:16:17 PM


കുരുന്നുകളെ വരവേൽക്കാൻ സ്‌കൂളുകൾ ഒരുങ്ങി; കോട്ടയം ജില്ലാതല പ്രവേശനോത്സവം കുമരകത്ത്



കോട്ടയം: പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങി. ആദ്യമായി സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ തയാറെടുപ്പുമായി അധ്യാപകരും വിദ്യാർഥികളും. മധുരം നൽകിയും ക്ലാസ് മുറികൾ വർണാഭമാക്കിയും ആട്ടവും പാട്ടുമായി നവാഗതരെ സ്വീകരിക്കാൻ പ്രൈമറി സ്‌കൂളുകൾ തയാറെടുത്തുകഴിഞ്ഞു. 2023-അധ്യയനവർഷത്തിൽ  8071 പേരാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേരാനെത്തിയത്. പുതിയ അധ്യയന വർഷത്തിൽ ഇത് 10000 കടക്കുമെന്നാണ് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്.


കോട്ടയം ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച (ജൂൺ 3) കുമരകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് രാവിലെ ഒൻപതു മണിക്കു നടക്കുന്ന റാലിയോടെ വർണാഭമായ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിക്കും. റാലി കുമരകം ഗ്രാമപഞ്ചായത്തിനു സമീപമുള്ള യു.പി. സ്‌കൂളിൽ സമാപിക്കും. സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി പ്രവേശനോത്സവ സന്ദേശം നൽകും.

ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ മേഘല ജോസഫ്, കവിതാ ലാലു, വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, കുമരകം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീജ സുരേഷ്, കുമരകം ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എൻ. ജയകുമാർ, ദിവ്യ ദാമോദരൻ,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് രഞ്ജിനി രാമകൃഷ്ണൻ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ. ഗിരിജ, വി.എച്ച്.എസ്.ഇ.എറണാകുളം മേഖല അസിസ്റ്റന്റ് ഡയറക്്ടർ പി. നവീന, സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോഡിനേറ്റർ കെ.ജെ. പ്രസാദ്, ഡയറ്റ് കോട്ടയം പ്രിൻസിപ്പൽ ഡോ. സഫീന ബീഗം, കൈറ്റ് കോട്ടയം ജില്ലാ കോഡിനേറ്റർ കെ.ബി. ജയശങ്കർ, കോട്ടയം ഡി.ഇ.ഒ: പി.ആർ. പ്രദീപ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ: പി.എസ്. ബിന്ദു, കോട്ടയം വെസ്റ്റ് ബി.പി.സി: ഡോ: കെ.എസ്. ബിജുമോൻ,  കുമരകം ഗവ. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പൂജാ ചന്ദ്രൻ, കുമരകം ഗവ. വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ പി.എം. സുനിത, കുമരകം ഗവ. യു.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എം. ഹൗവ്വ,  കുമരകം ഗവ. എസ്.എൽ.ബി.എൽ.പി. സ്‌കൂൾ ഹെഡ്മാസ്റ്റർ ബി. സുരേഷ്‌കുമാർ, പി.ടി.എ. പ്രസിഡന്റുമാരായ വി.എസ്. സുഗേഷ്, പി.എ. അനീഷ്, പി.കെ. വിജയകുമാർ, സംഘടനാപ്രതിനിധികളായ  ജേക്കബ്, വി.കെ. ചന്ദ്രഹാസൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K