29 May, 2024 06:53:05 PM
മീനച്ചിലാറ്റിൽ ഒഴുക്ക് ശക്തം; താഴത്തങ്ങാടി പാലത്തിന് താഴെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞ് കൂടി
താഴത്തങ്ങാടി: കിഴക്കൻ വെള്ളം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തുമ്പോൾ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലാ നിവാസികൾക്ക് നേരിടേണ്ടി വരുന്നത് വെളളപ്പൊക്ക ദുരിതം മാത്രമല്ല. കുന്ന് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽ മീനച്ചിലാറ്റിൽ താഴ്ത്തങ്ങാടി പാലത്തിന് സമീപം വന്ന് അടിഞ്ഞിരിക്കുന്നത്. മുൻ വർഷങ്ങളിലും മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ പ്രദേശ വാസികൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വില്ലനായി മാറിയിരുന്നു.ഇത്തവണയും ഈ ദുരിതത്തിന് മാറ്റമില്ല. പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ള മാലിന്യമാണ് പാലത്തിനു സമീപം കുന്നുകൂടിയിരിക്കുന്നത്. ഇത് നീക്കം ചെയ്യാൻ അധികൃതർ മുന്നോട്ടു വന്നില്ലങ്കിൽ ഒഴുക്ക് തടസ്സപ്പെട്ട് പ്രദേശത്ത് ജല നിരപ്പ് ഉയരാൻ സാധ്യത ഏറെയാണ്. ഒപ്പം മാലിന്യം കുന്നുകൂടിയതോടെ ഇത് പ്രദേശ വാസികൾക്കും ദുരിതമാകുകയാണ്.