22 May, 2024 07:59:31 PM
കോട്ടയം ജില്ലയിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്- സുരക്ഷാ പരിശോധനയ്ക്ക് തുടക്കം
കോട്ടയം: ജില്ലയിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്-സുരക്ഷാ പരിശോധനയ്ക്കു തുടക്കം. ഉഴവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു പരിധിയിൽ വരുന്ന സ്‌കൂൾ, കോളജ് വാഹനങ്ങളുടെ സുരക്ഷാ പരിശോധന കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജോയിന്റ് ആർ.ടി.ഒ. എസ്.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ നടന്നു. ജി.പി.എസ്, വേഗപ്പൂട്ട് എന്നിവ പ്രവർത്തനക്ഷമമാണോയെന്നു പരിശോധിച്ചു. മറ്റു സുരക്ഷാസംവിധാനങ്ങളും പരിശോധിച്ച് ഉറപ്പാക്കി. 40 വാഹനങ്ങൾ പരിശോധിച്ചു. പരിശോധന വിജയകരമായി പൂർത്തിയാക്കിയവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ ലേബൽ പതിച്ചു നൽകി. സ്‌കൂൾ തുറന്നതിനുശേഷം സ്റ്റിക്കർ പതിക്കാത്ത സ്‌കൂൾ വാഹനങ്ങൾ സർവീസ് നടത്തുന്നതായി കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.
എം.വി.ഐ മാരായ ഫെനിൽ ജെയിംസ് തോമസ്, ബി. ജയപ്രകാശ് , എ.എം.വി.ഐ.മാരായ പി. എസ്. ഷിജു, വി.പി. മനോജ്,അജി കുര്യാക്കോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് മേയ് 25 ന് രാവിലെ എട്ടിന് കുര്യനാട് ചാവറ ഹിൽസ് സി.എം.ഐ. പബ്ലിക് സ്‌കൂളിൽ ബോധവല്ക്കരണ ക്ലാസ് നൽകും. വിശദവിവരങ്ങൾക്ക് ഫോൺ: 04822- 249967.