22 May, 2024 07:57:18 PM


ന്യൂനപക്ഷ കമ്മിഷൻ സെമിനാർ മേയ് 25ന് മാമ്മൻ മാപ്പിള ഹാളിൽ



കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്കായി സംഘടിപ്പിക്കുന്ന സെമിനാർ മേയ് 25ന് (ശനി) കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുമെന്ന് ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 
ശനിയാഴ്ച രാവിലെ 10.00 മണിക്കു പൊതുഭരണ(ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി മിനി ആന്റണി സെമിനാർ ഉദ്ഘാടനം ചെയ്യും. കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ചടങ്ങിൽ അദ്ധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ വി. വിഗ്നേശരി മുഖ്യപ്രഭാഷണം നടത്തും.

 സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സർക്കാർ-സർക്കാരിതര ഏജൻസികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികളെ സംബന്ധിച്ചും, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകളും ചർച്ചയും സെമിനാറിൽ ഉണ്ടായിരിക്കും. സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ജില്ലയിലെ ന്യൂനപക്ഷ സംഘടനാ നേതാക്കൾ ഉൾപ്പെടുന്ന സംഘാടകസമിതിയാണ് സെമിനാറിന്റെ വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
 
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനായി ജില്ലാതല സിറ്റിങ്ങുകളും അവരുടെ അവകാശങ്ങളെപ്പറ്റിയും അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാറുകളും കമ്മിഷന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
പത്രസമ്മേളനത്തിൽ സംഘാടകസമിതി കോഡിനേറ്ററായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സംഘാടകസമിതി അധ്യക്ഷൻ ടോം ജോസഫ്, ജനറൽ കൺവീനർ റഫീക്ക് അഹമ്മദ് സഖാഫി, കൺവീനർമാരായ ഫാ. ജെയിംസ് കൊക്കാവയലിൽ, കുഞ്ഞ് കളപ്പുര, എസ്.എ. ഷംസുദീൻ, അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K