22 May, 2024 03:06:08 PM


ഭൂഗര്‍ഭപാത നിര്‍മാണം: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍ഡ് തകര്‍ച്ചയുടെ വക്കില്‍



ഗാന്ധിനഗര്‍: അതിവേഗം നിര്‍മാണം നടക്കുന്ന ഭൂഗര്‍ഭപാത, വികസനത്തിന്‍റെ മേനി പറയുമ്പോഴും മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ് തകര്‍ച്ചയുടെ വക്കില്‍. സ്റ്റാന്‍ഡിന്‍റെ പ്രവേശനകവാട റോഡ് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന സ്റ്റാന്‍ഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്കു പോലും അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. സ്റ്റാന്‍ഡിന്‍റെ കോണ്‍ക്രീറ്റ് തറ, വേനല്‍ക്കാലത്തു വിണ്ടു കീറിയ പാടശേഖരം പോലെയാണ്. കോണ്‍ക്രീറ്റ് മുഴുവന്‍ വീണ്ടുകീറി കിടക്കുകയാണ്. ചിലയിടങ്ങളില്‍ കുഴിയും രൂപപ്പെട്ടു തുടങ്ങി. മഴക്കാലമാകുന്നതോടെ തകര്‍ച്ചയുടെ ആഘാതം വര്‍ധിക്കും. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകര്യാര്‍ഥം അതിവേഗം നിര്‍മാണം നടക്കുന്ന ഭൂഗര്‍ഭപാത പൂര്‍ത്തീകരിക്കുമ്പോഴെങ്കിലും മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിനു ശാപമോക്ഷമാകുമോ എന്നാണ് നാട്ടുകാര്‍ക്ക് ചോദിക്കാനുള്ളത്.

ഭൂഗര്‍ഭ പാതയുടെ നിര്‍മാണത്തിന്‍റെ ഭാഗമായി സ്റ്റാന്‍ഡിലൂടെ മറ്റു വാഹനങ്ങള്‍ കൂടി കടന്നു പോകുന്നതോടെ സ്റ്റാന്‍ഡിന്‍റെ തകര്‍ച്ച വര്‍ധിക്കുകയാണ്. ആര്‍പ്പൂക്കര പഞ്ചായത്തിന്‍റെ ഉടമസ്ഥയിലാണു ബസ് സ്റ്റാന്‍ഡ്.സ്റ്റാന്‍ഡിലൂടെ ബസുകള്‍ തോന്നുന്ന പോലെയാണു ഓടുന്നതെന്ന ആക്ഷേപവുമുണ്ട്. ഡ്രൈവര്‍മാര്‍ക്കു തോന്നിയ പോലെയാണു ബസുകള്‍ പായിക്കുന്നത്. പലപ്പോഴും തലങ്ങും വിലങ്ങും ബസുകള്‍ പാര്‍ക്കു ചെയ്യുന്നതു ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. യാത്രക്കാര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെടുന്നതു തലനാരിഴയ്ക്കാണ്.

ജില്ലയിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാന്‍ഡിനോടാണ് അധികൃതരുടെ ചിറ്റമ്മ നയം. ഭൂഗര്‍ഭ പാത നിര്‍മാണം നടക്കുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളും സ്റ്റാന്‍ഡിലൂടെ കയറിയിറങ്ങി പോകുന്നതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഭൂഗര്‍ഭ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കെങ്കിലും സ്റ്റാന്‍ഡ് നവീകരിക്കണമെന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K