02 April, 2024 07:45:37 PM
മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം: എട്ടുപേർ അറസ്റ്റിൽ
ചിങ്ങവനം: മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് ചോഴിയക്കാട് കദളിക്കാട് വീട്ടിൽ സ്റ്റെഫിൻ കെ. ജോസ് (28), പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ഭാഗത്ത് പാവക്കുളം വീട്ടിൽ ഡെൽവിൻ ജോസ്(26), ഇയാളുടെ സഹോദരൻ ഡിബു ജോസ്(36), പനച്ചിക്കാട് സായിപ്പ് കവല ഭാഗത്ത് പാലക്കുടിയിൽ വീട്ടിൽ സജിൻ സാജൻ (24), പനച്ചിക്കാട് ചോഴിയക്കാട് ഭാഗത്ത് കച്ചേരിപ്പറമ്പിൽ വീട്ടിൽ നോയൽ തോമസ് (24), ചിങ്ങവനം മൂലംങ്കുളം ഭാഗത്ത് മീൻചിറ വീട്ടിൽ ജഗൻ.സി ബിജു (24), പനച്ചിക്കാട് ചോഴിയക്കാട് കദളിക്കാട് വീട്ടിൽ നിതിൻ കെ. ജെയിംസ്(20), ചിങ്ങവനം മൂലംങ്കുളം ഭാഗത്ത് തകിടിയിൽ വീട്ടിൽ നിഖിൽ റ്റി.രാജു(25) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 12 :30 മണിയോടുകൂടി പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി, ഇവരെയും, ഭർത്താവിനെയും, മകനെയും മർദ്ദിക്കുകയും വീട്ടുസാധനങ്ങൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇവരെ പലസ്ഥലങ്ങളിൽ നിന്നും പിടികൂടുകയുമായിരുന്നു. സ്റ്റെഫിന് മധ്യവയസ്കയുടെ ഇളയമകനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ തന്റെ സുഹൃത്തുക്കളേയും കൂട്ടി വീട് കയറി ആക്രമിച്ചത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ പ്രകാശ് ആർ, എസ്.ഐ മാരായ സജീർ ആർ,താജുദ്ദീൻ സി.പി.ഓ മാരായ പ്രകാശ്, സഞ്ജിത്ത്, പ്രിൻസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. എല്ലാവരെയും കോടതിയിൽ ഹാജരാക്കി.