29 February, 2024 08:17:06 PM
കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം: കോട്ടയത്ത് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കോട്ടയം : അമ്പലങ്ങളിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ നന്നാട് ഭാഗത്ത് തുരുത്തേൽ വീട്ടിൽ ജയപ്രകാശ് കെ.ആർ (49) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജനുവരി 26 ന് പുലർച്ചെയോടുകൂടി മണവാളത്ത് ഗണപതി ക്ഷേത്രത്തിലും, അയ്യപ്പൻകാവ് ക്ഷേത്രത്തിലുമായി നാലോളം കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ വീടുകളിൽ താമസിച്ച് പള്ളികളും, ക്ഷേത്രങ്ങളും,വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇയാൾ തിരുവല്ല, റാന്നി, പുളിക്കീഴ്, മാവേലിക്കര, എടത്വാ, കീഴ് വായ്പൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ഇതുകൂടാതെ ഏറ്റുമാനൂർ,ഗാന്ധിനഗർ എന്നീ സ്റ്റേഷൻ പരിധികളില്‍ സമീപദിവസങ്ങളിലായി താന്‍ മോഷണം നടത്തിയിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ മാരായ ഐ.സജികുമാർ, റിൻസ് എം.തോമസ്, ഷിനോജ്, സിജു. കെ.സൈമൺ, സി.പി.ഓ മാരായ ദിലീപ് വർമ്മ, രാജേഷ് കെ.എം, രതീഷ് കെ.എൻ, ശ്യാം.എസ്.നായർ, സലമോൻ, രവീഷ് കെ.എം, ശ്യാംപ്രസാദ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.