22 February, 2024 07:32:23 PM


കോട്ടയം ജില്ലയിൽ 1210 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികൾ

- പട്ടയങ്ങൾ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു



കോട്ടയം: കോട്ടയം ജില്ലയിൽ 1210 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളായി. സംസ്ഥാനതലപട്ടയമേളയുടെ ഭാഗമായി കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയങ്ങൾ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനായി.  മന്ത്രി വി.എൻ. വാസവൻ പട്ടയങ്ങൾ വിതരണം ചെയ്തു. പട്ടയമേള അർഹരായ എല്ലാ കുടുംബങ്ങളെയും ഭൂമിയുടെ അവകാശികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പട്ടയങ്ങൾ അനുവദിക്കുന്നതെന്നും ഒന്നരലക്ഷം പേർക്ക് സംസ്ഥാനത്ത് ഇതിനകം പട്ടയം നൽകിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, സബ് കളക്ടർ ഡി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. കോട്ടയം നഗരസഭാധ്യക്ഷ  ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സിൻസി പാറയിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, ബെന്നി മൈലാട്ടൂർ, സാജൻ ആലക്കളം, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. ഉഷ ബിന്ദുമോൾ, എസ്.എൽ. സജികുമാർ എന്നിവർ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 807 പട്ടയങ്ങളും കോട്ടയം താലൂക്കിൽ 122 ഉം മീനച്ചിൽ താലൂക്കിൽ 210 ഉം ചങ്ങനാശേരി താലൂക്കിൽ 34 ഉം വൈക്കം താലൂക്കിൽ 40 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K