20 February, 2024 07:00:15 PM
കോട്ടയം റസ്റ്റ് ഹൗസിലെ പുതിയ കെട്ടിടം, മുട്ടമ്പലം വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ; ഉദ്ഘാടനം 22ന്
കോട്ടയം: പൊതുമരാമത്ത് വകുപ്പിന്റെ കോട്ടയത്തെ റസ്റ്റ് ഹൗസിലെ പുതിയ കെട്ടിടത്തിന്റെയും മുട്ടമ്പലത്തെ വർക്കിംഗ് വിമെൻസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഫെബ്രുവരി 22ന് നടക്കും. വൈകിട്ട് ആറിന് കോട്ടയം റസ്റ്റ് ഹൗസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ചീഫ് എൻജിനീയർ എൽ. ബീന, നഗരസഭാംഗം എൻ. ജയചന്ദ്രൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസൽ, വി.ബി. ബിനു, നാട്ടകം സുരേഷ്, പ്രൊഫ. ലോപ്പസ് മാത്യൂ, ലിജിൻ ലാൽ, സജി മഞ്ഞക്കടമ്പിൽ, അബ്ദുൾ അസീസ്, പ്രൊഫ. എം.റ്റി. കുര്യൻ, സണ്ണി തോമസ്, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, സാജൻ ആലക്കുളം, ജിയാഷ് കരീം, മാത്യൂസ് ജോർജ്ജ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ എന്നിവർ പങ്കെടുക്കും.
റസ്റ്റ് ഹൗസിൽ 5.90 കോടി രൂപ ചെലവിലാണ് 1800 ചതുരശ്രമീറ്ററുള്ള പുതിയ കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ 160 പേർക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ കോൺഫറൻസ് ഹാളും ഡൈനിങ് ഹാളും വാഷ് റൂമുകളും ടോയ്ലറ്റ് ബ്ലോക്കുമുണ്ട്. ഒന്നും രണ്ടും നിലകളിലായി 14 ശീതികരിച്ച ഡബിൾ മുറികളും രണ്ടു സ്യൂട്ട് മുറികളുമുണ്ട്. ലിഫ്റ്റ് സൗകര്യവും ജനറേറ്റർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ മന്ദിരം പ്രവർത്തനക്ഷമമാകുന്നതോടെ 27 ശീതീകരിച്ച മുറികളടക്കം 37 മുറികൾ ലഭ്യമാണ്.
മുട്ടമ്പലത്ത് 4.20 കോടി രൂപ ചെലവിലാണ് വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ നിർമിച്ചത്. 3293 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ മൂന്നുനിലകളായാണ് നിർമാണം. ഇവിടെ 53 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശക മുറി, വാർഡൻ, മേട്രൺ എന്നിവർക്കുള്ള മുറികളും ഡൈനിങ് ഏരിയയും അടുക്കളയും സ്റ്റോറും ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ വായനമുറി, ഡോർമിറ്ററി, റിക്രിയേഷൻ ഹാൾ, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവയുമുണ്ട്.