15 February, 2024 09:02:21 PM
തീ അണക്കാനാകുന്നില്ലാ; കങ്ങഴയിൽ റബ്ബർ തോട്ടങ്ങൾ കത്തി നശിക്കുന്നു
കോട്ടയം: കങ്ങഴ ദേവഗിരിയ്ക്ക് സമീപം മൈലാടുംപാറയിലാണ് തുടർച്ചയായ രണ്ടാം ദിനവും തീ പൂർണമായും അണക്കാനാകാതെ ഏക്കർ കണക്കിന് റബ്ബർ തോട്ടങ്ങൾ കത്തി നശിക്കുന്നത്. നെടുംകുന്നം അഞ്ചാം വാർഡ് കങ്ങഴ എംജിഡിഎം ആശുപത്രിക്ക് സമീപം മൈലാടുംപാറയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് റബ്ബർ തോട്ടങ്ങൾ തീപിടിച്ചത്.
കങ്ങഴ ദേവഗിരി മാക്കൽ റെമിൽ ജോൺ കുര്യാക്കോസിന്റെ ഒരു ഏക്കർ സ്ഥലത്ത് മൂന്ന് വർഷം പ്രായമായ 200 റബർമരങ്ങൾ പൂർണമായും കത്തി നശിച്ചു. കൂടാതെ വാവോലിക്കൽ വി എം മാത്യുവിന്റെ മൂന്ന് ഏക്കർ തോട്ടം, കൊല്ലമല കുടുംബത്തിൻ്റെ മൂന്ന് ഏക്കർ തോട്ടം, കുഴിപതാലിൽ കെ.കെ പ്രസാദ്, മനക്കലേറ്റ് എം പി. ഫിലിപ്പ് എന്നിവരുടെ 50 സെൻ്റ് പുരയിടം എന്നിവയാണ് കത്തി നശിച്ചത്.
കിഴക്കാംതൂക്കായി കിടക്കുന്ന പ്രദേശത്തെ പാറകെട്ടുകളും, കുറ്റിക്കാടുകളും തീ പൂർണമായും അണക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ഈ സ്ഥലത്ത് വാഹനം എത്താൻ കഴിയാതെയിരുന്നതിനാൽ നാട്ടുകാരും, അഗ്നിശമന സേനാംഗങ്ങളും ചേർന്ന് തീ തല്ലി കെടുത്തുകയാണ്.
ഇന്നലെ ഉച്ചക്ക് 2 മണിക്ക് പടർന്ന തീ ഒൻപത് മണിക്കൂർ നേരം ശ്രമിച്ച്, രാത്രി 11 മണിയോടെ കെടുത്തിയിരുന്നു.തുടർന്ന് ഇന്ന് ഉച്ചയോടെ വീണ്ടും തീ അണയാതെ കിടന്ന ഉണക്ക പുല്ലിൽ നിന്ന് കാറ്റ് വീശിയപ്പോൾ വ്യാപിക്കുകയായിരുന്നു എന്നാണ് നിഗമനം. കഴിഞ്ഞ ആഴ്ച്ച മൈലാടി ഐറാ സ്പോട്സ് ടർഫിന് സമീപമുള്ള റബർ തോട്ടത്തിലും തീ പടർന്നിരുന്നു.